പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടുക -ശൈഖ് അബ്ദുല്ല അല്‍ മനീഅ; പ്രാര്‍ത്ഥനാ നിര്‍ഭരം അറഫ; പൊട്ടിക്കരഞ്ഞ് ഹാജിമാര്‍

30
ശൈഖ് അബ്ദുല്ല അല്‍ മനീഅ 

അഷ്‌റഫ് വേങ്ങാട്ട്
മക്ക: വിശ്വ മാനവികതയുടെ മഹാ വിളംബരമായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാരുടെ ഒത്തുചേരലില്‍ അറഫാ മൈതാനം പ്രാര്‍ത്ഥനാ നിര്‍ഭരമായി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച ഹാജിമാര്‍ നൂറ്റി അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പ് വരുത്തി ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമത്തില്‍ പങ്കാളികളായി. സുരക്ഷാ ക്രമീകണങ്ങള്‍ പാലിച്ച് വ്യാഴാഴ്ച രാവിലെയോടെ തന്നെ ഹാജിമാര്‍ അറുപതോളം വരുന്ന പ്രത്യേക ബസുകളില്‍ മിനായില്‍ നിന്ന് അറഫയിലെത്തിയിരുന്നു. മുന്‍ കാലങ്ങളില്‍ ഓരോ ഹജ്ജ് കാലങ്ങളിലും ദശലക്ഷങ്ങള്‍ അറഫയുടെ ശുഭ്രതയില്‍ തങ്ങളുടെ പാപഭാരം ഇറക്കി വെച്ച അതേ മൈതാനിയില്‍ ലോക മുസ്‌ലിംകളുടെ പ്രതിനിധികളായി ഭാഗ്യം തുണച്ച ആയിരത്തിലധികം വരുന്ന ഹാജിമാര്‍ പാപമോചനത്തോടൊപ്പം അല്ലാഹുവിന്റെ അലംഘനീയമായ പരീക്ഷണങ്ങളെ തനിക്കും കുടുംബത്തിനും ആഗോള മുസ്‌ലിംകള്‍ക്കും ലോക ജനതക്കും അതിജീവിക്കാനുള്ള ആത്മീയ ചൈതന്യവും മനക്കരുത്തും പകര്‍ന്ന് കിട്ടാന്‍ നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു.
അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍, അസര്‍ ഒന്നിച്ചുള്ള നമസ്‌കാരത്തിന് മുന്‍പായി സഊദി പണ്ഡിത സഭയിലെ ഉന്നത പണ്ഡിതനും രാജാവിന്റെ ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അല്‍ മനീഅ അറഫ ഖുതുബ നിര്‍വഹിച്ചു. പ്രവാചകന്റെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിക്കുമാറ് പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടണമെന്നും വിശ്വാസി സമൂഹം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ വീഴ്ചകള്‍ കൂടാതെ പാലിക്കണമെന്നും ശൈഖ് അബ്ദുല്ല ആഹ്വാനം ചെയ്തു. ലോക മുസ്‌ലിംകള്‍ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും പാതയില്‍ മനമിടറാതെ സഞ്ചരിക്കണം. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്താത്തതിന്റെ പരിണിത ഫലങ്ങളാണ് ഇപ്പോഴുള്ള പരീക്ഷണങ്ങള്‍. ഐഹിക ജീവിതം വിപത്തുകളില്‍ നിന്ന് മുക്തമല്ല. ക്ഷമയും ദൈവ ഭക്തിയുമുള്ളവര്‍ക്ക് ഇത്തരം ഘട്ടങ്ങളെ അതിജീവിക്കുന്നതില്‍ പ്രയാസമുണ്ടാവില്ല. അല്ലാഹുവിന്റെ അനുഗ്രഹം ഏറെ വിശാലമാണ്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവര്‍ക്കും അവന്റെ കാരുണ്യത്തെ ധിക്കരിക്കുന്നവര്‍ക്കുമാണ് നാശം. സ്രഷ്ടാവിന്റെ ശാസനകള്‍ ലംഘിക്കുന്നവര്‍ക്ക് ഭയാനകമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും. മനുഷ്യന് നല്‍കിയ അനേകം അനുഗ്രഹങ്ങളും സമൃദ്ധമായ നന്മകളും വിസ്മരിക്കുമ്പോഴാണ് ദുരന്തങ്ങള്‍ പിറക്കുന്നത്. കാപട്യവും സാമ്പത്തിക രംഗത്തെ ചൂഷണവും പലിശയും ഇടപാടുകളിലെ വഞ്ചനയുമൊന്നും ഇസ്‌ലാമികമല്ല.
അല്ലാഹുവിന്റെ ഏകത്വവും ഇസ്‌ലാമിന്റെ മതമൂല്യങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ മഹദ് സന്ദേശവും മുറുകെ പിടിച്ചാല്‍ ലോകത്ത് സമാധാനവും സാഹോദര്യവും സന്തോഷവും കളിയാടും. നിര്‍ഭാഗ്യവശാല്‍ മനുഷ്യ സമൂഹം മത മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണ്. ഇത് മൂലം പരസ്പരം വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും ശത്രുതയും വളരുകയാണ്. മുസ്‌ലിം സമൂഹം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മാതൃക കാണിക്കുന്നവരാവണമെന്നും ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റക്അത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിച്ച ഹാജിമാര്‍ പിന്നീടുള്ള സമയം പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ട് വ്യാഴാഴ്ചയുടെ സൂര്യാസ്തമയം വരെ അറഫയില്‍ കഴിച്ചു കൂട്ടി. പിന്നീട് അടുത്ത കര്‍മ്മമായ മുസ്ദലിഫയില്‍ രാപാര്‍ക്കുന്നതിനായി നീങ്ങി. മുസ്ദലിഫയില്‍ വെച്ചാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചത്. മുസ്ദലിഫയില്‍ നിന്ന് ജംറയിലെറിയാനുള്ള കല്ലുകള്‍ ശേഖരിക്കുന്ന ഹാജിമാര്‍ ഇന്ന് പുലര്‍ച്ചെ സുബ്ഹി നമസ്‌കാര ശേഷം മിനായിലെത്തി പ്രധാന ജംറയായ ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഞായറാഴ്ചയോടെചഹാജിമാര്‍ മിനായില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ബലിയറുക്കുകയും ചെയ്ത ശേഷമായിരിക്കും ഇഹ്‌റാമില്‍ നിന്ന് പിന്‍വാങ്ങുക. കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അചഞ്ചലമായ ദൈവ വിശ്വാസവും പരസ്പര സ്‌നേഹവും ആദരവും സല്‍സ്വഭാവങ്ങളും ഏതൊരു പരീക്ഷണങ്ങളെയും അതിജീവിക്കാനുള്ള മനക്കരുത്തും നേടി മാനവികതയിലൂന്നിയ സാമൂഹികബോധം ആര്‍ജിച്ചാണ് ഹാജിമാര്‍ വിടവാങ്ങുക.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന ഈ മഹാ സംഗമത്തില്‍ അപ്രതീക്ഷിതമായ അവസരം നല്‍കിയ റബ്ബിന്റെ മുന്നില്‍ ഹൃദയം സമര്‍പ്പിച്ച് ഹാജിമാര്‍ പൊട്ടിക്കരഞ്ഞു. പുണ്യ കര്‍മത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച് അവസരം ലഭിക്കാതെ പോയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസി സമൂഹത്തിന്റെ ഹൃദയ വേദന സ്രഷ്ടാവിന് മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളിലൂടെ സമര്‍പ്പിക്കുകയായിരുന്നു ഹാജിമാര്‍. കോവിഡ് വൈറസിന്റെ മുന്നില്‍ തല കുനിച്ചിരിക്കുന്ന ലോക ജനതയെ മഹാ വിപത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മനമുരുകി ദുആ ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച് നാഥന്റെ വിളിക്കുത്തരം നല്‍കി ഇഹലോക ജീവിതത്തിലെ ചിരകാല സ്വപ്നം ആദ്യമായി നിറവേറ്റിയപ്പോള്‍ ആരവങ്ങളില്ലാത്ത അറഫയും ആളനക്കമില്ലാത്ത മിനായും ആനന്ദത്തിന് അതിരിട്ടുവെങ്കിലും ഖല്‍ബിനെ പിടിച്ചുലക്കുന്ന തല്‍ബിയത്തിന്റെ മാന്ത്രിക സ്പര്‍ശം ആസ്വദിച്ച് പുണ്യകര്‍മം അവര്‍ നിറവേറ്റി.
വ്യാഴാഴ്ച പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവുമായി മിനായിലെ പ്രത്യേകം സജ്ജീകരിച്ച കെട്ടിടങ്ങളില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്നല സൂര്യോദയത്തോടെയാണ് അറഫയിലേക്ക് യാത്രയായത്. അതേസമയം, ഹജ്ജ് കര്‍മം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച അര്‍ധരാത്രിയോടെ മിനായിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. തീര്‍ത്ഥാടകര്‍ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് പോകാന്‍ തയാറെടുക്കുമ്പോഴാണ് കടുത്ത ചൂടിന് ശമനമായി ഇടിമിന്നലോടെയുള്ള മഴ വര്‍ഷിച്ചത്.
മിനായില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ ദൂരം കാല്‍ മണിക്കൂര്‍ കൊണ്ട് താണ്ടി സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് ഹാജിമാര്‍ അറഫയിലെത്തിയത്. മിനാ അറഫാ പാത പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലായിരുന്നു. മുന്‍കാലങ്ങളില്‍ ദശ ലക്ഷങ്ങള്‍ ശുഭ്ര സാഗരം തീര്‍ത്തിരുന്ന അറഫയിലേക്കെത്താന്‍ മിനായില്‍ നിന്ന് മണിക്കൂറുകളെടുത്തിരുന്ന സ്ഥാനത്താണ് മിനിറ്റുകള്‍ക്കകം ഹാജിമാര്‍ ജീവിത സായൂജ്യത്തിന്റെ പരമ പ്രധാന കേന്ദ്രത്തിലെത്തിയത്. ഒരു ലക്ഷത്തി പതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള നമിറ മസ്ജിദില്‍ ഹാജിമാര്‍ കൃത്യമായി സാമൂഹിക അകലം പാലിച്ചു.