യു.എ.ഇയിലേക്ക് കരിപ്പൂരില്‍നിന്ന് ആദ്യചാര്‍ട്ടേഡ് വിമാനം 

172

കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് ആദ്യ ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു. ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് സ്വകാര്യ ട്രാവല്‍സുമായി ചേര്‍ന്നാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്. രണ്ട് യു.എ.ഇ പൗരന്മാര്‍ ഉള്‍പ്പെടെ 173പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യു.എ.ഇയില്‍ റസിഡന്റ് വിസയോ വര്‍ക്ക് വിസയോ ഉള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മടങ്ങിയെത്താമെന്ന് കഴിഞ്ഞ ദിവസം ദുബൈ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ചാര്‍ട്ടേഡ് വിമാനം സജ്ജീകകരിച്ചത്. വര്‍ക് വിസയുണ്ടായിട്ടും യു.എ.ഇയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആയിരങ്ങള്‍ക്കാണ് തീരുമാനം ആശ്വാസമാകുന്നത്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ വഴിയും വന്ദേ ഭാരത് മിഷന്‍ വഴിയും യു.എ.ഇയില്‍നിന്ന് നിരവധി ഇന്ത്യക്കാരെ ലോക്ക്ഡൗണ്‍ കാലത്തും നാട്ടിലെത്തിച്ചെങ്കിലും ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് പറക്കാന്‍ ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാറുമായി ഡല്‍ഹിയിലെ യു.എ.ഇ നയതന്ത്ര പ്രതിനിധി നടത്തിയ ചര്‍ച്ചകളിലൂടെയാണ് ഇതിന് അവസരം ഒരുങ്ങിയത്.
യു.എ.ഇയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് മടങ്ങുന്നവരില്‍ ഏറേയും.