
ദുബൈ: രാജ്യത്തെ സീഫുഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് 10 വര്‍ഷത്തെ താമസത്തിനുള്ള ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ മലയാളികള്‍ക്ക് ലഭിച്ചു. ജിസിസി മത്സ്യ സംസ്‌കരണ രംഗത്തെ അതികായരായ ‘ദി ഡീപ് സീ ഫുഡ്’ കമ്പനി സാരഥികളായ പാങ്ങാട്ട് യൂസുഫ് ഹാജിക്കും കല്ലന്‍ ഹംസക്കോയക്കുമാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ ലഭിച്ചത്. യൂസുഫ് ഹാജിക്ക് അബുദാബി താമസ-കുടിയേറ്റ വകുപ്പില്‍ നിന്നും, ഹംസക്കോയക്ക് ദുബൈ താമസ-കുടിയേറ്റ വകുപ്പില്‍ നിന്നുമാണ് വിസകള്‍ അനുവദിച്ചത്. ഇരുവരും മലപ്പുറം വേങ്ങര സ്വദേശികളാണ്.
ഓരോ പത്തു വര്‍ഷം കൂടുമ്പോഴും താമസ രേഖ പുതുക്കി നല്‍കുന്നതാണ് ഗോള്‍ഡന്‍ കാര്‍ഡ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നേതൃത്വത്തിലുള്ള യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം മുതലാണ് രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ ഗോള്‍ഡന്‍ റസിഡന്‍സി അനുവദിക്കാന്‍ ഉത്തരവിട്ടത്. സ്‌പോണ്‍സര്‍ വേണ്ട എന്നതാണ് ഗോള്‍ഡന്‍ കാര്‍ഡ് വിസയുടെ ഏറ്റവും വലിയ പ്രത്യേകത. കാര്‍ഡുടമകള്‍ക്ക് യഥേഷ്ടം രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കാന്‍ സാധിക്കും. താമസ വിസക്കാര്‍ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് നില്‍ക്കാന്‍ പാടില്ല എന്ന നിബന്ധന ഗോള്‍ഡന്‍ കാര്‍ഡിന് ബാധകമല്ല. യുഎഇയില്‍ കഴിയുന്നതിനും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനുമുള്ള മികച്ച അവസരമാണ് ഗോള്‍ഡന്‍ കാര്‍ഡിലൂടെ ലഭിക്കുന്നതെന്ന് ജിഡിആര്‍എഫ്എഡി മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി മുന്‍പ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, രാജ്യത്തെ വിവിധ മേഖലകളില്‍ മികവുറ്റ സംഭാവനങ്ങള്‍ നല്‍കിയവര്‍ക്കും രാജ്യാന്തര കായിക രംഗത്തെ പ്രമുഖര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും യുഎഇ ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ അനുവദിച്ചിരുന്നു.

മൂന്നര പതിറ്റാണ്ടായി രാജ്യത്തെ കടല്‍ ഭക്ഷ്യ വിഭവ വിപണിയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി സംരംഭകരാണ് വിസ ലഭിച്ച പാങ്ങാട്ട് യൂസുഫ് ഹാജിയും ഹംസക്കോയയും. ചെറിയ തുടക്കത്തില്‍ നിന്ന് രാജ്യാന്തര തലത്തിലേക്ക് സംരംഭത്തെ വളര്‍ത്താന്‍ ഈ മലയാളികള്‍ക്ക് സാധിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇവരുടെ സംരംഭങ്ങള്‍ ഏറെ സജീവമാണ്. ഇവരുടെ നേതൃത്വത്തില്‍ ഏതാണ്ട് 85 രാജ്യങ്ങളില്‍ നിന്നും മത്സ്യ ഉല്‍പന്നങ്ങള്‍ യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. യുഎഇയിലെ വ്യാവസായിക-വാണിജ്യ രംഗങ്ങളില്‍ വലിയ രീതിയിലുള്ള നിക്ഷേപമാണ് ഡീപ് സീ ഫുഡിനുള്ളത്.
ഗോള്‍ഡന്‍ കാര്‍ഡ് വിസ ലഭിച്ചതില്‍ ഏറെ അഭിമാനവും ആഹ്‌ളാദവുമുണ്ടെന്ന് യൂസുഫ് ഹാജിയും കല്ലന്‍ ഹംസക്കോയയും പറഞ്ഞു. ഇതിന് യുഎഇ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും
രണ്ടാം ഭവനമായ രാജ്യത്തിന് ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള സംഭാവനകള്‍ക്കുള്ള ആദരമായാണ് ഇതിനെ കാണുന്നതെന്നും ഇരുവരും വ്യക്തമാക്കി. ദുബൈ എമിഗ്രഷന്‍ ഗോള്‍ഡന്‍ കാര്‍ഡ് വിസാ വകുപ്പ് ഇന്‍ ചാര്‍ജ് ഫസ്റ്റ് ലെഫ്.അലി ആതിഖ്, ലെഫ്.അബൂബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിസ കൈമാറി.