യുഎഇ കെഎംസിസി-ലുലു ഗ്രൂപ് ‘ഫ്‌ളൈ വിത് ഓണര്‍’: സൗജന്യ വിമാനം പുറപ്പെട്ടു

    റാസല്‍ഖൈമ: കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളില്‍ ഏറ്റവും അര്‍ഹരായ 175 യാത്രക്കാരെയും വഹിച്ചുള്ള സൗജന്യ ചാര്‍ട്ടേഡ് വിമാനം റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച കേരളത്തിലേക്ക് യാത്രയായി. യുഎഇ കെഎംസിസിയും ലുലു ഗ്രൂപ്പും കൈ കോര്‍ത്ത ‘ഫ്‌ളൈ വിത് ഓണര്‍’ പദ്ധതിയാണ് ഏറെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കായി സൗജന്യ യാത്ര സാധ്യമാക്കിയത്. യുഎഇ കെഎംസിസിയുടെ ഉദ്യമം പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സഹായിച്ച ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിക്ക് യാത്രക്കാരുടെയും കുടുംബാംഗങ്ങളുടെയും പേരിലും കെഎംസിസിക്ക് വേണ്ടിയും നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ കൃതജ്ഞത അറിയിച്ചു.
    കോവിഡ് കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടും മറ്റും തീര്‍ത്തും പ്രതിസന്ധിയിലായ പ്രവാസികളില്‍ നാട്ടിലേക്കുള്ള മടക്കയാത്രക്ക് പോലും പരസഹായം ആവശ്യമായവര്‍ ഉണ്ടെന്നറിഞ്ഞാണ് യുഎഇ കെഎംസിസി സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ള അപേക്ഷകരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ടിക്കറ്റുകള്‍ സൗജന്യമായി അനുവദിക്കുകയാണ് ചെയ്തത്. ഈ ഉദ്യമത്തെ കുറിച്ചറിഞ്ഞ് സഹായിക്കാന്‍ തയാറായി ലുലു ഗ്രൂപ് മുന്നോട്ടു വന്നതോടെ പദ്ധതി എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിഞ്ഞതായി പുത്തൂര്‍ വ്യക്തമാക്കി.
    ജോലി നഷ്ടപ്പെട്ടവരും 1,200 ദിര്‍ഹമില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്തിരുന്നവരുമായവര്‍ക്കും ഗാര്‍ഹിക വിസയില്‍ വന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കും വിസിറ്റ് വിസയില്‍ ജോലി തേടി വന്ന് യുഎഇയില്‍ കുടുങ്ങിയവര്‍ക്കുമാണ് യുഎഇ കെഎംസിസി സൗജന്യ യാത്രാ സൗകര്യം ഒരുക്കിയത്. ഇത്തരത്തില്‍ പെട്ട അപേക്ഷകരില്‍ നിന്ന് ഏറ്റവും അര്‍ഹരായ 175 പേരാണ് ശനിയാഴ്ച രാവിലെ നാട്ടിലെത്തുന്നത്. യുഎഇ കെഎംസിസിയുടെ ‘ഫ്‌ളൈ വിത് ഓണര്‍’ ദൗത്യം ആവശ്യമാണെങ്കില്‍ തുടരുമെന്നും അതിനായി വിവിധ എമിറേറ്റുകളിലെ കെഎംസിസി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും നാഷണല്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.