‘ഫ്‌ളൈ വിത് ഇന്‍കാസ്’: 100 വിമാന ടിക്കറ്റുകളുടെ വിതരണം ഇ.പി ജോണ്‍സണ്‍ നിര്‍വഹിച്ചു

340
ഇന്‍കാസ് ഷാര്‍ജ-തൃശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ 100 ടിക്കറ്റുകളുടെ രേഖകള്‍ യുഎഇ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ക്ക് കൈമാറുന്നു

ഷാര്‍ജ: ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആവിഷ്‌കരിച്ച ‘ഫ്‌ളൈ വിത്
ഇന്‍കാസ്’ എന്ന പദ്ധതിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശാനുസരണം ഇന്‍കാസ് ഷാര്‍ജ-തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന 100 വിമാന ടിക്കറ്റുകളുടെ വിതരണം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ നിര്‍വഹിച്ചു. ഇന്‍കാസ് ഷാര്‍ജ-തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെ.എം അബ്ദുമനാഫ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഇതിനകം 64 ടിക്കറ്റുകള്‍ അര്‍ഹരായ പ്രവാസികള്‍ക്ക് നല്‍കിയതായും ബാക്കി 36 ടിക്കറ്റുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായും മനാഫ് പറഞ്ഞു. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെല്‍കോണ്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് 100 ടിക്കറ്റുകളുടെ സമാഹരണം പ്രാവര്‍ത്തികമാക്കിയത്. ഇന്‍കാസ് യുഎഇയുലടനീളം നടപ്പാക്കിയ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍ വിശദീകരിച്ചു. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി 100 ദിവസം ഭക്ഷണവും മരുന്നും ടിക്കറ്റും മറ്റു സേവന പ്രവര്‍ത്തനങ്ങളും നടത്തിയ ഷാര്‍ജയിലെ ഇന്‍കാസ് പ്രവര്‍ത്തകരെ ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അഭിനന്ദിച്ചു. ഇന്‍കാസ് ഷാര്‍ജ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം, കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ചന്ദ്രപ്രകാശ് ഇടമന, എസ്.എം ജാബിര്‍, സീനിയര്‍ പ്രവര്‍ത്തകരായ എസ്.ഐ അക്ബര്‍, ഖാലിദ് തൊയക്കാവ്, മണിലാല്‍, മുബാറക് ഇംബാറക്, ഹാരിസ് കൊടുങ്ങല്ലൂര്‍, അബൂബക്കര്‍, കുര്യാക്കോസ് തുടങ്ങിയവര്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി ഷാന്റി തോമസ് ആമുഖ പ്രസംഗം നടത്തിയ ചടങ്ങില്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ഇ.വൈ സുധീര്‍ സ്വാഗതമാശംസിച്ചു. 100 ടിക്കറ്റുകള്‍ പദ്ധതിയുടെ മുഖ്യ സ്‌പോണ്‍സറായ കബീര്‍ ടെല്‍കോണ്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.