ഷാര്‍ജയില്‍ നാലു മേല്‍പാലങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

24

ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: കാല്‍നടക്കാരുടെ മുറവിളിക്ക് പരിഹാരം. ഷാര്‍ജയിലെ പ്രധാന പാതകളില്‍ റോഡിന് കുറുകെ പണിത നാലു മേല്‍പാലങ്ങള്‍ കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
കിംഗ് ഫൈസല്‍ സ്ട്രീറ്റ്, കിംഗ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, അല്‍നഹ്ദ, അല്‍ ഇത്തിഹാദ് എന്നീ റോഡുകളിലെ തിരക്കേറിയ ഭാഗങ്ങളിലാണ് റോഡ് മുറിച്ചു കടക്കുന്നവര്‍ക്കായി മേല്‍പാലം നിര്‍മിച്ചത്. ഏതാണ്ട് 100 മില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് ഷാര്‍ജ അര്‍ബന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി മേല്‍പ്പാല പദ്ധതി പൂര്‍ത്തിയാക്കിയത്.
യുഎഇ സുപ്രീം കൗണ്‍സില്‍ മെംബറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ ഉത്തരവ് പ്രകാരമാണ് കാല്‍നടക്കാരുടെ പ്രയാസം കണക്കിലെടുത്ത് മേല്‍പ്പാല നിര്‍മാണ പദ്ധതി ആവിഷ്‌കരിച്ചത്. ജനസാന്ദ്രത ഏറിയ റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാക്കിയത്. റോഡിന് കുറുകെ കടക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തത് കാരണം നിരവധി പേര്‍ അപകടത്തില്‍ പെട്ട മേഖലകള്‍ കൂടിയാണിത്. പ്രധാന അതിവേഗ പാതകളില്‍ മേല്‍പാലങ്ങള്‍ ഇല്ലാത്തത് കാരണം കാല്‍നടക്കാര്‍ നേരിടുന്ന പ്രയാസം സംബന്ധിച്ച് നേരത്തെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.