നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത്; സംശയ നിഴലില്‍ മുഖ്യമന്ത്രിയുടെ ഓഫീസും

  22
  2018ല്‍ കേരളത്തിലെ യു.എ.ഇ കോണ്‍സുലേറ്റ് കോവളത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിനിടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.

  മുഖ്യ ആസൂത്രക ഐ.ടി വകുപ്പ് ജീവനക്കാരി
  സരിത് നല്‍കിയത് നിര്‍ണായക മൊഴി

  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ഐ.ടി വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്. കേസിലെ പ്രധാന കണ്ണി സ്വപ്ന സുരേഷ് സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഓപ്പറേഷന്‍സ് മാനേജരാണ്. സ്‌പേസ് പാര്‍ക്ക് പ്രോജക്ട് മാനേജരായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന ഐ.ടി വകുപ്പിലെ ഉന്നതരുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കസ്റ്റംസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് സ്വപ്നാ സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു. ഇടപാടില്‍നിന്ന് തടിയൂരാനുള്ള ഉന്നതരുടെ നീക്കമാണ് പെട്ടന്നുള്ള പിരിച്ചുവിടലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നേരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിചെയ്തിരുന്ന ഇവര്‍, അവിടെനിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് ഐ.ടി വകുപ്പില്‍ കയറിക്കൂടിയത്.
  കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെയാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ അഡ്മിന്‍ ജീവനക്കാരി സ്വപ്ന സുരേഷ്, മുന്‍ പി.ആര്‍.ഒ സരിത്ത് എന്നിവരെ. സരിത് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് വിവരം.
  സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. സ്വപ്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെയും വാട്‌സ്ആപ് ചാറ്റിന്റെയും വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥരും സരിത്തിനെ ചോദ്യം ചെയ്യുന്നതായാണ് വിവരം.
  ഇരുവരും നിരവധി തവണ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഓരോ കളളക്കടത്തിനും സരിത്തിന് 30 ലക്ഷം രൂപയോളം പ്രതിഫലമായി ലഭിച്ചിരുന്നത്രെ. സ്വപ്നയും സരിതും ചേര്‍ന്നാണ് സ്വര്‍ണകടത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

  ഒരു വര്‍ഷം; കടത്തിയത്  100 കോടിയിലേറെ രൂപയുടെ സ്വര്‍ണം
  കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ സരിതിന്റെ മൊഴി പുറത്ത്. 2019 മുതല്‍ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്നും നൂറു കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണം ഇതുവരെ കടത്തിയിട്ടുണ്ടെന്നുമാണ് സരിത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ല. കടത്തിക്കൊടുക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്നും സരിത് മൊഴിയില്‍ പറയുന്നു.
  അഞ്ചുപേര്‍ക്കാണ് സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുള്ളതെന്നാണ് വിവരം. സരിതിന്റെ കൂട്ടാളിയായ കോണ്‍സുലേറ്റിനെ വനിതാ ജീവനക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം സരിത് നിലവില്‍ കോണ്‍സുലേറ്റ് ജീവനക്കാരനല്ലെന്നാണ് വിവരം. നേരത്തെ ജീവനക്കാരനായിരുന്നെങ്കിലും വഴിവിട്ട ബന്ധങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും കോണ്‍സുലേറ്റിലെ ചില ജീവനക്കാരുമായുള്ള അടുപ്പം മുതലെടുത്ത് ജീവനക്കാരനായി നടിച്ചു വരികയായിരുന്നു. കോണ്‍സുലേറ്റില്‍ പി.ആര്‍.ഒ എന്നാണ് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് സരിത്. അറസ്റ്റു രേഖപ്പെടുത്തി ഇന്നോ നാളെയോ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഞായറാഴ്ചയാണ് ഡിപ്ലമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. മണക്കാടുള്ള യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുലേറ്ററുടെ പേരിലായിരുന്നു ബാഗേജ്. കസ്റ്റംസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാഗേജ് സ്‌കാനര്‍ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് എയര്‍ കംപ്രസറിലും പൈപ്പിലുമായി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 15 കോടിയോളം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

  നയതന്ത്ര ബാഗേജ് എന്ന സുരക്ഷിത കവചം
  രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ഉടമ്പടികള്‍ പ്രകാരം ഡിപ്ലമാറ്റിക് ബാഗേജുകള്‍ പരിശോധനക്ക് വിധേയമാക്കാന്‍ പാടില്ല. അത്തരത്തില്‍ പരിശോധന നടത്തണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതി വേണം. ഈ ആനുകൂല്യം ദുരുപയോഗം ചെയ്താണ് സംഘം ഒരു വര്‍ഷത്തിലേറെയായി സുരക്ഷിതമായി സ്വര്‍ണക്കടത്ത് നടത്തിയത്. ഇതുസംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കമ്മീഷണര്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഞായറാഴ്ച വന്ന ഡിപ്ലമാറ്റിക് ബാഗേജ് പരിശോധനക്ക് വിധേയമാക്കിയത്. നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത് നടത്തിയ വന്‍ തട്ടിപ്പാണ് ഇതോടെ വെളിച്ചത്തു വന്നത്.

  ഐ.ടി സെക്രട്ടറി സ്വപ്നയുടെ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകനെന്ന്
  അയല്‍വാസികള്‍
  തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിന് സംസ്ഥാന ഐ.ടി സെക്രട്ടറിയുമായി അടുത്ത ബന്ധമെന്ന് വെളിപ്പെടുത്തല്‍. സ്വപ്ന നേരത്തെ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അയല്‍വാസികളാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഫ്‌ളാറ്റില്‍ സ്വപ്നയെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നും രാത്രി വൈകും വരെ മദ്യസല്‍ക്കാരവും പാര്‍ട്ടികളും നടക്കാറുണ്ടായിരുന്നുവെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. ഇത്തരത്തില്‍ പതിവായി എത്താറുള്ള ആളായിരുന്നു ഐ.ടി സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഫ്‌ളാറ്റിലെ താമസക്കാര്‍ പറഞ്ഞു. മുടവന്മുകളില്‍ സ്വപ്ന രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന കാലത്താണ് ഐ.ടി സെക്രട്ടറി പതിവായി എത്തിയിരുന്നത്. ഔദ്യോഗിക വാഹനത്തിലാണ് എത്തുക. അര്‍ധരാത്രി ഗേറ്റു തുറന്നുകൊടുത്തില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചിരുന്നു. സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് സുരേഷാണ് മര്‍ദ്ദിച്ചത്. ഇതിനെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
  സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു
  സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ മുഖ്യ ആസൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലെ കെ.എസ്.ഐ.ടിയില്‍ ഓപ്പറേഷനല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു.

  ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി
  തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് തന്റെ ഓഫീസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബനധിച്ച് ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിക്കാന്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ല. ഇതിനായി തന്റെ ഓഫീസില്‍നിന്ന് ആരേയും വിളിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ ഓഫീസിനെ ജനങ്ങള്‍ക്ക് അറിയാം. അന്ന് സരിതയെങ്കില്‍ ഇന്ന് സ്വപ്നയെന്ന വ്യത്യാസം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

  സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് യു.എ.ഇ എംബസി
  തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വിശദീകരണവുമായി ഇന്ത്യയിലെ യു.എ.ഇ എംബസി രംഗത്ത് വന്നു. കേസില്‍ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് എംബസി വ്യക്തമാക്കി. ഒരു വ്യക്തി തന്റെ നയതന്ത്ര സൗകര്യം ദുരുപയോഗം ചെയ്തു. ഇത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും എംബസി പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.