സ്വര്‍ണക്കടത്ത് നാണക്കേടുണ്ടാക്കി

49

അബുദാബി: യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം കടത്തിയ നടപടി പ്രവാസികള്‍ക്ക് നാണക്കേടുണ്ടാക്കി. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തോട് അറബികള്‍ കാണിക്കുന്ന വിശ്വാസ്യതക്ക് കോട്ടം തട്ടിക്കുന്ന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
യുഎഇ പൗരന്മാര്‍ക്ക് മാത്രമല്ല, ഇതര രാജ്യക്കാര്‍ക്കും ഇന്ത്യക്കാരോടുള്ള മതിപ്പ് കുറയാന്‍ ഇത് കാരണമാവുകയാണ്. ആറു പതിറ്റാണ്ടായി അറബികളുമായി അടുത്തിടപഴകുന്ന മലയാളി സമൂഹം തന്നെ ഇത്തരത്തിലുള്ള കള്ളക്കടത്ത് നടത്തിയത് ലജ്ജാവഹമാണെന്നതില്‍ സംശയമില്ല.
യുഎഇയും കേരളവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങളില്‍ അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങളുണ്ട്. ഇതില്‍ കേരളത്തിന്റെ പങ്ക് ചെറുതല്ല. അറബ് രാജ്യങ്ങളിലെ നിരവധി രാജകുടുംബാംഗങ്ങളുടെ വിശ്വാസ്യത നേടിയെടുത്തിട്ടുള്ളവരാണ് മലയാളികള്‍. എന്നാല്‍, ഇതിന്റെ പേരില്‍ മലയാളി സമൂഹം മുഴുവന്‍ സംശയത്തിന്റെ നിഴലിലായേക്കുമെന്ന ആശങ്കയാണ് പലരും പങ്കു വെക്കുന്നത്.
കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും അര്‍ഹമായ ശിക്ഷ നല്‍കുകയും വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു. സ്വര്‍ണക്കടത്ത് മാത്രമായുള്ള കുറ്റമായി മാറാതെ ഉന്നതങ്ങളില്‍ വിശ്വാസ വഞ്ചന നടത്തി രാജ്യത്തിന് പോലും നാണക്കേടുണ്ടാക്കിയതിന് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.