സ്വര്‍ണക്കടത്ത്: യൂണിയന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്

    22

    കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഹൗസ് ക്ലിയറന്‍സ് എജന്റ്‌സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. യൂണിയന്‍ നേതാവ് ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലായിരുന്നു പരിശോധന. ഇയാള്‍ ബിഎംഎസ് നേതാവാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് ചില രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തതായി സൂചനയുണ്ട്.കേസില്‍ ആരോപണ വിധേയരായ സ്വപ്‌നയും സന്ദീപും രക്ഷപ്പെട്ടത് ഈ നേതാവിന്റെ കാറിലാണെന്ന് സൂചനയുണ്ട്. കാര്‍ രണ്ട് ദിവസമായി കാണാനില്ല. ബാഗേജ് വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ഈ നേതാവ് ആണെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ വ്യവസായിയെയും കസ്റ്റംസ് ചോദ്യം ചെയ്തു.
    സ്വപ്‌നയുടെ ബിസിനസ് പങ്കാളിയായ തിരുവനന്തപുരത്തെ കാര്‍ വര്‍ക്ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്ദീപിന്റെ ഭാര്യയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കേസില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കസ്റ്റംസ് കോടതിയെ അറിയിക്കും. യുഎഇ കോണ്‍സുലിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളാണു സ്വപ്‌ന എടുത്തിരിക്കുന്നത്. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ കേസില്‍ സ്വപ്‌നാ സുരേഷിന്റെ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നാണ് കസ്റ്റംസ് നിലപാട്.