സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ കള്ളക്കടത്ത് കേസ്: യുഎഇ അന്വേഷണമാരംഭിച്ചു

  24

  ജലീല്‍ പട്ടാമ്പി
  ദുബൈ: സ്വപ്ന സുരേഷ് ഉള്‍പ്പെട്ട കേരളത്തിലെ കുപ്രസിദ്ധ സ്വര്‍ണ കള്ളക്കടത്ത് കേസിനെ കുറിച്ച് യുഎഇ അന്വേഷണമാരംഭിച്ചു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ കാര്‍ഗോ ആരാണ് അയച്ചതെന്ന് കണ്ടെത്താനാണ് അന്വേഷണം നടത്തുന്നത്.
  അന്വഷണം നടന്നു വരികയാണെന്നും അവര്‍ ഗുരുതരമായ ഒരു കുറ്റകൃത്യം മാത്രമല്ല ചെയ്തത്, ഇന്ത്യയിലെ യുഎഇ നയതന്ത്ര കാര്യാലയത്തിന്റെ അന്തസ്സിന് കോട്ടം തട്ടിക്കുക കൂടിയായിരുന്നുവെന്നും യുഎഇ എംബസി പ്രസ്താവനയില്‍ പറഞ്ഞു. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നും എംബസി വ്യക്തമാക്കി.
  കുറ്റകൃത്യത്തിന്റെ അടിവേരുകള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ അധികൃതരുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് പറഞ്ഞ എംബസി, അന്വേഷണ പ്രക്രിയയുമായി പൂര്‍ണമായി സഹകരിച്ച് നീങ്ങുമെന്നും വിശദീകരിച്ചു.
  സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മുന്‍ പിആര്‍ഒ സരിത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 7.4 മില്യന്‍ ദിര്‍ഹം മൂല്യമുള്ള 30 കിലോ സ്വര്‍ണമാണ് ഡിപ്‌ളോമാറ്റിക് ബാഗില്‍ ഇയാള്‍ കഴിഞ്ഞ ഞായറാഴ്ച കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ പിന്നീട് കുറ്റം സമ്മതിച്ചിരുന്നു.
  സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ യുഎഇ നയതന്ത്രജ്ഞര്‍ക്ക് ബന്ധമില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ബന്ന ഇന്നലെ ദുബൈയില്‍ പറഞ്ഞു. ഈ കേസില്‍ കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി താന്‍ ഏകോപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
  ഈ വിഷയത്തില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനോ അവിടത്തെ നയതന്ത്രജ്ഞര്‍ക്കോ പങ്കില്ലെന്ന് യുഎഇ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ നേരത്തെ പറഞ്ഞിരുന്നു. ”കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ഒരു വ്യക്തി നയതന്ത്ര മാര്‍ഗങ്ങളെ ദുരുപയോഗിക്കാന്‍ നടത്തിയ ശ്രമത്തെ അപലപിക്കുന്നു”വെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി തള്ളിക്കളയുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
  യുഎഇ മിഷന്‍ നടത്തിയ പ്രാഥമിക അന്വേഷണങ്ങളില്‍ നിന്നും നേരത്തെ പ്രാദേശികമായി ജോലിക്കായി തെരഞ്ഞെടുത്തിരുന്നയാളാണ് ഇതിനുത്തരവാദിയെന്ന് ബോധ്യമായിട്ടുണ്ടെന്നും പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ഇവരെ മുന്‍പ് തന്നെ പിരിച്ചു വിട്ടതാണെന്നും പ്രസ്താവനയില്‍ തുടര്‍ന്നു. ഈ വ്യക്തി മിഷന്റെ ഉപാധികള്‍ ചൂഷണം ചെയ്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ വിഷയം മുഴുവനായും അന്വേഷിക്കാന്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതരുമായി യുഎഇ പൂര്‍ണമായും സഹകരിക്കും. ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഈ കേസിലെ അന്വേഷണത്തിലൂടെ യുഎഇ മിഷന്റെ നിരപരാധിത്വം തെളിയുമെന്നും അല്‍ബന്ന പ്രത്യാശിച്ചു.

   

  സ്വപ്ന ജനിച്ചതും വളര്‍ന്നതും അബുദാബിയില്‍

  അബുദാബിയില്‍ ജനിച്ചു വളര്‍ന്നയാളാണ് സ്വപ്ന. ബാലാരാമപുരം സ്വദേശിയായിരുന്ന പിതാവ് അബുദാബിയിലാണ് ജോലി ചെയ്തിരുന്നത്. തിരുവനന്തപുരത്ത് രണ്ടു വര്‍ഷം ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്ത ശേഷം 2013ല്‍ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലിയില്‍ കയറി. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് വകുപ്പിലെ ഒരു ഓഫീസര്‍ക്കെതിരെ വ്യാജ കേസ് ചമച്ചതിന് പിന്നില്‍ ഇവര്‍ ആയിരുന്നതിനാല്‍, ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് 2016ല്‍ അബുദാബിയിലേക്ക് തിരിച്ചു പോന്നു. കഴിഞ്ഞ മാസം ചോദ്യം ചെയ്യാനായി ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയിരുന്നുവെങ്കിലും ഹാജരായില്ല. ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും ഇവരെ മോചിപ്പിക്കാനായി പൊലീസിനു മേല്‍ വന്‍ സമ്മര്‍ദമുണ്ടാവുകയും ചെയ്തു.
  ശേഷം, യുഎഇ കോണ്‍സുലേറ്റ് ജനറലില്‍ സെക്രട്ടറിയായി ജോലി ചെയ്തു. കഴിഞ്ഞ വര്‍ഷം ഈ ജോലിയില്‍ നിന്നും ഒഴിവായി. എന്നാല്‍, യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഇവരെ പുറത്താക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജോലിക്കാലം സ്വപ്നക്ക് നിര്‍ണായകമായ പല ബന്ധങ്ങളും സൃഷ്ടിച്ചെടുക്കാന്‍ വഴിയൊരുക്കിയെന്നാണ് വിവരം. അറബിയും മറ്റു ഭാഷകളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ളത് ഇവരുടെ ഈ ബന്ധങ്ങള്‍ക്ക് കൂടുതല്‍ വൈപുല്യം സൃഷ്ടിച്ചു.