സഅദിയക്ക് സ്‌നേഹാശംസകള്‍ നേര്‍ന്ന് സയ്യിദ അസ്ഫിയ

172
സയ്യിദ് ത്വാഹാ ബാഫഖിയും അമീര്‍ ഹസ്സനും ദുബൈ എയര്‍പോര്‍ട്ടില്‍

ദുബൈ: ബാംഗളൂരു സ്വദേശികളായ സയ്യിദ അസ്ഫിയക്കും മാതാവ് ബീഗം നാഗി മീനും സഅദിയ ഇന്ന് സ്‌നേഹാര്‍ദ്രതയുടെ
സമാശ്വാസ നികേതനമാണ്. അജ്മാനില്‍ നിന്നും നാട്ടിലേക്ക് പോകാനായിരുന്നു സയ്യിദ അസ്ഫിയയും മാതാവും ദുബൈ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ചാര്‍ട്ടര്‍ ചെയ്ത ഫ്‌ളൈറ്റില്‍ ആയിരുന്നു അവര്‍ക്ക് ബംഗളൂരുവിലേക്ക് പോകാന്‍ അവസരം കിട്ടിയത്. താമസ സ്ഥലമായ അജ്മാനില്‍ നിന്നും അവരെ ഭര്‍ത്താവ് വളരെ നേരത്തെ തന്നെ ടെര്‍മിനല്‍-2ല്‍ എത്തിച്ചിരുന്നു. കോവിഡ് കാല സാഹചര്യം ആയതിനാല്‍ യാത്രികര്‍ക്ക് മാത്രമേ വെയ്റ്റിംഗ് ലോഞ്ചിലേക്ക് പ്രവേശനമുണ്ടായിരുന്നുളളൂ. ഇക്കാരണത്താല്‍ ഭര്‍ത്താവ് തിരിച്ചു പോയി. റാപിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഗര്‍ഭിണികള്‍ കരുതേണ്ട ‘ഫിറ്റ് ടു ട്രാവല്‍’ സര്‍ട്ടിഫിക്കറ്റ് അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സയ്യിദ അസ്ഫിയക്കത് അറിയില്ലായിരുന്നു. ചെക്കിംഗ് കൗണ്ടറില്‍ ബാഗേജ് ഏല്‍പിക്കുന്ന സമയത്താണ് അധികൃതര്‍ ‘ഫിറ്റ് ടു ട്രാവല്‍’ സര്‍ട്ടിഫിക്കറ്റ് ചോദിച്ചതും അവര്‍ അതേക്കുറിച്ച് അറിഞ്ഞതും. ആ നിമിഷം അവര്‍ നിസ്സഹായയായി. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ തീര്‍ത്തു പറഞ്ഞ് അവരെ മടക്കി അയച്ചു. രണ്ടു മണിക്കൂര്‍ സമയം മാത്രം. പ്രതീക്ഷ തീരെ ഇല്ലാത്ത അവസ്ഥ. പലരെയും വിളിച്ചു വിഷയം പറഞ്ഞെങ്കിലും ആര്‍ക്കും ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. ഭര്‍ത്താവ് അജ്മാനിലേക്ക് തന്നെ മടങ്ങിയിരുന്നു. അവര്‍ പ്രതീക്ഷ കൈവെടിഞ്ഞ് ലോഞ്ചില്‍ തളര്‍ന്നിരുന്നു. അവരുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ട സഅദിയ പ്രസിഡന്റ് സയ്യിദ് ത്വാഹാ ബാഫഖി സഖാഫി കൊയിലാണ്ടിയും സെക്രട്ടറി അമീര്‍ ഹസനും അവര്‍ക്ക് യാത്ര തുടരാനുള്ള സഹായം നല്‍കാമെന്നേറ്റ് സമാധാനിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ‘ഫിറ്റ് ടു ട്രാവല്‍’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. ഖിസൈസ് ആസ്റ്റര്‍ ക്‌ളിനിക്കലിലെ ഗൈനക്കോളജിസ്റ്റ് ലുബ്‌ന അഹ്മദുമായി സംസാരിച്ചു. ഉടനെ അവരെ ആസ്റ്ററില്‍ എത്തിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. അതുപ്രകാരം എത്തിച്ചു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. മിനിറ്റുകള്‍ക്കകം യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കി. സയ്യിദ് താഹാ തങ്ങളുടെ അവസരോചിതമായ സഹായ സേവനത്തെ എയര്‍പോര്‍ട്ട് അധികൃതര്‍ പ്രത്യേകം അഭിനന്ദിച്ചു. സയ്യിദ അസ്ഫിയയും മാതാവും സന്തോഷത്തിന്റെ നിറഹൃദയവുമായി സഅദിയക്ക് നന്ദിയും പ്രാര്‍ത്ഥന യും നേര്‍ന്ന് യാത്ര പറഞ്ഞു.