
അബുദാബി: തലമുട്ടെ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന മുന്തിരി വള്ളികള്‍ക്കിടയിലൂടെ സഞ്ചരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന്. അബുദാബി കരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് കൃഷിത്തോട്ടങ്ങളുടെ നടുവിലൂടെ നടന്ന് ഓരോന്നായി വീക്ഷിച്ചു.
കാര്‍ഷിക മേഖല കൂടുതല്‍ പുഷ്ടിപ്പെടുത്തി രാജ്യത്തിന്റെ ഭക്ഷ്യോല്പാദനം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ശനിയാഴ്ച വിവിധ കൃഷിയിടങ്ങളില്‍ എത്തിയത്.
മൂത്തു വിളഞ്ഞു നില്ക്കുന്ന മുന്തിരിക്കുലകള്‍ തൊട്ടു തലോടിയും തക്കാളിച്ചെടികളുടെ മനോഹാരിതയും ആപ്പിള്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളുടെ പോഷകങ്ങള്‍ പറഞ്ഞറിയിച്ചും അദ്ദേഹം കൃഷിയുടമകളുമായി ഏറെ നേരം കുശലം പറഞ്ഞു. അബുദാബി ബാഹിയയിലെ വിവിധ തോട്ടങ്ങളിലാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് തന്റെ സാന്നിധ്യം കൊണ്ട് കര്‍ഷകരുടെ മനം കവര്‍ന്നത്.