മിഡില്‍ ഈസ്റ്റിലെ വമ്പന്‍ വെയര്‍ ഹൗസ് തുറന്ന് യൂണിയന്‍ കോപ്പ്

അല്‍തയ്യ് മേഖലയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വെയര്‍ ഹൗസുകളിലൊന്നായ കോപ്പ് ഫാക്ടറി ബ്രാഞ്ചിന് സമാരംഭം കുറിച്ച ശേഷം സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി ചുറ്റിക്കാണുന്നു

കോപ്പ് ഫാക്ടറി, ഹോള്‍ സെയില്‍ ശാഖക്ക് സമാരംഭം

ദുബൈ: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ജൈത്ര യാത്ര തുടര്‍ന്ന് യുഎഇയിലെ മുന്‍നിര ഉപഭോക്തൃ സഹകരണ സംരംഭമായ യൂനിയന്‍ കോപ്പ്. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ വെയര്‍ ഹൗസുകളിലൊന്നായ കോപ്പ് ഫാക്ടറി എന്ന ഹോള്‍ സെയില്‍ ബ്രാഞ്ചിന് ഉജ്വല തുടക്കം. ദുബൈ അല്‍തയ്യ് മേഖലയില്‍ തുറന്ന കോപ്പ് ഫാക്ടറിയില്‍ നിന്ന് പതിനായിരത്തിലേറെ ഉല്‍പന്നങ്ങള്‍ കൂടിയ അളവില്‍ ഏറ്റവും ആകര്‍ഷകമായ വിലക്കിഴിവില്‍ വാങ്ങാനാകും. ഭക്ഷ്യ-ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍ക്ക് മൊത്ത വിലയില്‍ തന്നെ 15 മുതല്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുക.
ഭക്ഷ്യ സുരക്ഷക്കും സുസ്ഥിരതക്കും പ്രഥമ പരിഗണന നല്‍കണമെന്ന യുഎഇയുടെ ധൈഷണികരായ ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ക്ക് ചുവടു പിടിച്ചാണ് ഇത്തരമൊരു സംരംഭം ആവിഷ്‌കരിച്ചതെന്ന് യൂനിയന്‍ കോപ്പ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി വ്യക്തമാക്കി.
200ലേറെ ഇടപാടുകാര്‍ക്ക് ഒരേ സമയം യാതൊരു തിക്കും തിരക്കുകളുമില്ലാതെ ഷോപ്പിംഗ് നടത്താനുള്ള സൗകര്യം സൂപര്‍ മാര്‍ക്കറ്റിലുണ്ട്. സെല്‍ഫ് സര്‍വീസ് രീതിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ ആരംഭ ഘട്ടത്തില്‍ തന്നെ തന്ത്രപ്രധാനമായ ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം സംഭരിക്കാനും ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യത വരാത്ത രീതിയില്‍ ലഭ്യമാക്കാനും യൂനിയന്‍ കോപ്പ് ശ്രദ്ധിച്ചിരുന്നു. ഇത് ഭക്ഷ്യ സുരക്ഷയും വിപണി സുസ്ഥിരതയും ഉറപ്പാക്കാന്‍ സഹായകമായി. നടത്തിപ്പ് ചെലവിനുള്ള ലാഭം മാത്രമെടുത്ത് ഭൗതിക നേട്ടങ്ങള്‍ക്കുപരിയായി സാമൂഹിക സേവനം ലക്ഷ്യമിട്ടാണ് പുതിയ ശാഖ തുറക്കുന്നതെന്നും അല്‍ഫലാസി കൂട്ടിച്ചേര്‍ത്തു. പുതിയ വെയര്‍ ഹൗസ് കൂടി സജ്ജമായതോടെ യൂനിയന്‍ കോപ്പിന്റെ രാജ്യത്തെ വെയര്‍ ഹൗസുകളും ശാഖകളും ചേര്‍ന്നുള്ള വിസ്തൃതി 424,442000 ചതുരശ്രയടിയായി.