കിടപ്പു രോഗികള്‍ക്ക് ആശ്വാസം പകരാന്‍ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയുമായി മുസ്‌ലിം ലീഗ്

    24
    മുസ്‌ലിംലീഗ് നടപ്പാക്കുന്ന പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ പ്രഖ്യാപനം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. കെ.പി.എ മജീദ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമീപം

    മലപ്പുറം: പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന്റെ 45-ാം വാര്‍ഷികത്തില്‍ പുതിയ കാരുണ്യ പ്രഖ്യാപനവുമായി മുസ്‌ലിം ലീഗ്. കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. തലശ്ശേരി സി.എച്ച് സെന്റര്‍ ആസ്ഥാനമായി പരിശീലന കേന്ദ്രം ആരംഭിക്കും.
    ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയുടെ അജണ്ടയില്‍ തന്നെ പ്രാമുഖ്യം നല്‍കിയ പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈത്തുറഹ്മ ഭവന പദ്ധതി ഇതിനുദാഹരണമാണ്. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ മാതൃകാപരമായ പ്രവത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. പാര്‍ട്ടിയുടെ കീഴില്‍ കിഡ്‌നി രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് കേന്ദ്രങ്ങളും ചരിത്രത്തിലിടം നേടികഴിഞ്ഞു. പ്രവാസി ലോകത്ത് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കെ.എം.സി.സി വളണ്ടിയര്‍മാര്‍ നടത്തിയ സേവനങ്ങള്‍ക്ക് വലി യ അംഗീകാരമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. പാലിയേറ്റീവ് കെയര്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സാമൂഹിക സേവന രംഗത്തെ ആദ്യ പ്രഫഷണല്‍ ചുവടുവെപ്പായി ഇത് മാറുമെന്ന് നേതാക്കള്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി പങ്കെടുത്തു.