ദുബൈ: കോവിഡ് വൈറസ് വ്യാപനം മൂലം റിലീസ് പ്രതിസന്ധികള്‍ നേരിട്ട സിനിമകള്‍ക്ക് ആശ്വാസമായി ഇന്ത്യയിലേക്ക് കൂടുതല്‍ ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ വരുന്നു. യുഎഇ ആസ്ഥാനമായ ഐ നെറ്റ് സ്‌ക്രീനാണ് ഈ ശ്രേണിയില്‍ ഇന്ത്യയിലേക്ക് ഇപ്പോള്‍ ചുവടുറപ്പിക്കുന്നത്. കിരണ്‍.ജി നാഥ് സംവിധാനം ചെയ്ത് രഞ്ജി പണിക്കര്‍, പാരീസ് ലക്ഷ്മി തുടങ്ങിയവര്‍ അഭിനയിച്ച ‘കലാമണ്ഡലം ഹൈദരാലി’ എന്ന മലയാള സിനിമ ജൂലൈ 29ന് റിലീസ് ചെയ്ത് ഐ നെറ്റ് സ്‌ക്രീന്‍ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുകയാണ്. ഒടിടി എന്ന പ്‌ളാറ്റ്‌ഫോമില്‍ ‘കലാമണ്ഡലം ഹൈദരാലി’ എന്ന സിനിമയ്‌ക്കൊപ്പം മറ്റു മലയാളം സിനിമകളും ലഭ്യമാകും. യുഎസ്, യുകെ, യുഎഇ, ഫ്രാന്‍സ്, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലും ‘കലാമണ്ഡലം ഹൈദരാലി’ ഈ പ്‌ളാറ്റ്‌ഫോമില്‍ ലഭ്യമാകും.