കോവിഡ് കാലത്ത് സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥകളില്‍ വലഞ്ഞ് ജനം

238

ദുബൈ: കോവിഡ് കാലത്തെ സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള അപര്യാപ്തതയില്‍ ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ ആശങ്ക അറിയിച്ചു.
കോവിഡ് പരിശോധനകളിലുള്ള അപര്യാപ്തത, റിസള്‍ട്ട് കിട്ടാനുള്ള കാലതാമസം തുടങ്ങി നിരവധി കുറ്റകരമായ അനാസ്ഥകളില്‍ ജനം വലയുകയാണ്. യുഎഇയില്‍ നിന്നും ഈയിടെ നാട്ടിലെത്തിയ നിരവധി പേരാണ് ആരോഗ്യ മേഖലയുടെ ഇത്തരം അനാസ്ഥയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്.
സര്‍ക്കാറുകള്‍ അമാന്തിച്ചു നിന്നപ്പോള്‍ കെഎംസിസി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് പ്രവാസികളിലധികവും നാട്ടിലെത്തിയത്. ക്വാറന്റീന്‍ അനുവദിക്കാതെയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പ്രവാസികളെ കഷ്ടപ്പെടുത്തിയും കലിപ്പു മാറാത്ത സര്‍ക്കാര്‍ ഇപ്പോഴും പ്രവാസികളെ ദുരിതത്തിലാക്കുക തന്നെയാണ്. ദുബൈയില്‍ നിന്നും ജൂണ്‍ 28ന് നാട്ടിലെത്തിയ പ്രവാസിക്ക് നേരിടേണ്ടി വന്നത് മാപ്പര്‍ഹിക്കാത്ത അനാസ്ഥയും അവഗണനയുമായിരുന്നു. ടെസ്റ്റ് നടത്തി ഒരാഴ്ചക്ക് ശേഷം ആരോഗ്യ വിഭാഗം പോസിറ്റീവ് ആണെന്ന് പറയുകയും കോവിഡ് രോഗികള്‍ക്കൊപ്പം ഐസൊലേഷന്‍ സെന്ററില്‍ ഒരു ദിവസം താമസിപ്പിക്കുകയും ചെയ്ത ശേഷം, ”ക്ഷമിക്കണം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നെഗറ്റീവ് ആണ്” എന്നറിയിക്കുന്ന സംഭവം പോലുമുണ്ടായി. എത്രമാത്രം കുറ്റകരമായ ചെയ്തിയാണിത്. ഇത്തരം വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടു പോയില്ലെങ്കില്‍ പരിണിത ഫലം ഭയാനകമായിരിക്കുമെന്ന് ഫൈസല്‍ തുറക്കല്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദപ്പെട്ടവര്‍ മുന്‍കയ്യെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അല്ലാതെ, ‘ബ്രെയ്ക് ദി ചെയിന്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ടതു കൊണ്ട് കാര്യമില്ല. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.