പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിച്ച് കിസ്‌വ എലാങ്കോട് മാതൃകയായി

318
കിസ്‌വ എലാങ്കോടിന്റെ ഫ്‌ളൈറ്റ് മാനിഫെസ്റ്റോ പി.കെ അന്‍വര്‍ നഹ പ്രകാശനം ചെയ്തപ്പോള്‍

റാസല്‍ഖൈമ: കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിച്ച് കിസ്‌വ എലാങ്കോട് മാതൃകയായി. കണ്ണൂര്‍ ജില്ലയിലെ എലാങ്കോട് പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക-വിദ്യഭ്യാസ-സേവന കൂട്ടായ്മയായ കിസ്‌വ എലാങ്കോട് സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി 9026) ചാര്‍ട്ടര്‍ ചെയ്ത് 180 യാത്രക്കാരുമായി റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തിയത്.
പ്രയാസമനുഭവിക്കുന്ന യാത്രക്കാരില്‍ ചിലരെ തീര്‍ത്തും സൗജന്യമായും മറ്റു ചിലയാളുകളെ ഡിസ്‌കൗണ്ട് നല്‍കിയും നാടണയാന്‍ സഹായിച്ചു. കോവിഡ് കാലത്ത് നാടണയുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും കോവിഡ് പ്രതിരോധ കിറ്റും ഭക്ഷണവും നല്‍കി യാത്രക്കാരെ സന്തോഷത്തോടെ യാത്രയയച്ചു. ഈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യേണ്ടിയിരുന്ന കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിലെ മഞ്ചക്കല്‍ പവിത്രന്റെ (50) വിയോഗം സംഘാടകരെ ദുഃഖത്തിലാഴ്ത്തി. സ്വന്തം മകന്റെ എസ്എസ്എല്‍സി പരീക്ഷയിലെ മിന്നുന്ന വിജയം ആ ദിവസം തന്നെ ടിക്കറ്റ് കിട്ടിയതിന്റെ സന്തോഷം പങ്കിട്ട് കുടുംബത്തോടൊപ്പം ചേര്‍ന്ന് ആഘോഷിക്കാനിരുന്ന പവിത്രന്റെ വിയോഗം കുടുബത്തോടപ്പം സംഘാടകരെയും വേദനയിലാഴ്ത്തി.
അജ്മാനില്‍ ജോലി ചെയ്യുന്ന പവിത്രന്‍ കിസ്‌വ എലാങ്കോട് ഏര്‍പ്പെടുത്തിയ പ്രത്യേക ബസില്‍ ഷാര്‍ജയില്‍ നിന്നും കയറി റാസല്‍ ഖൈമയിലെത്തി കോവിഡ് ടെസ്റ്റ് നടത്താന്‍ ഏര്‍പ്പടുത്തിയ താല്‍ക്കാലിക ടെന്റില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ യാത്ര ചെയ്യുന്നവര്‍ സിപിആര്‍ കൊടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണാനന്തരം കോവിഡ് 19 ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവ് ആയതിനാല്‍ മൃതദേഹം ഇവിടെ തന്നെ സംസ്‌കരിച്ചു.
കിസ്‌വ എലാങ്കോടിന്റെ ഫ്‌ളൈറ്റ് മാനിഫെസ്റ്റോ പി.കെ അന്‍വര്‍ നഹ പ്രകാശനം ചെയ്തു. അബ്ദുല്‍ സലാം എലാങ്കോട്, ഹാഷിര്‍ പടയന്‍, റമീസ് പി.കെ, മുഹമ്മദ് പുളിഞ്ഞോള്‍, ഹാരിസ് അത്തോള്‍, ഫൈസല്‍ സി.എച്ച്, അഷ്‌കര്‍ കാരാച്ചി, മുഹമ്മദ് താവത്ത് നേതൃത്വം നല്‍കി.