കഅബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടി; ഹജ്ജിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

(2016 മെയ് 7ന്റെ കിസ്‌വ ചിത്രം)

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഇക്കൊല്ലത്തെ ഹജ്ജിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഊദി ഹജ്ജ് കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് ബിന്ദന്‍ പറഞ്ഞു. ഹാജിമാരെ സ്വീകരിക്കുന്ന കേന്ദ്രങ്ങളും പുണ്യ സ്ഥലങ്ങളും നേരിട്ട് സന്ദര്‍ശിച്ച മന്ത്രി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ പുണ്യനഗരം ഒരുങ്ങിയ വിവരം അറിയിച്ചത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പ്രത്യേക നിരീക്ഷണത്തിലാണ് പുണ്യ കര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു. മുപ്പത് ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന മുന്‍ കാലങ്ങളിലെ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പോലെ തന്നെയാണ് 10,000 തീര്‍ത്ഥാടകര്‍ മാത്രം പങ്കെടുക്കുന്ന ഇക്കൊല്ലത്തെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹജ്ജ് മന്ത്രാലയം നടപടികള്‍ കൈക്കൊള്ളുന്നത്. ഇത്തവണ ആരോഗ്യ മന്ത്രാലയത്തിന്റെ കൂടി സജീവ പങ്കാളിത്തത്തോടെയാണ് നടപടികള്‍ തീരുമാനിക്കുന്നത്. പങ്കെടുക്കുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും പുണ്യകര്‍മം തടസ്സങ്ങളില്ലാതെ നടത്താനുള്ള ശാസ്ത്രീയമായ ഒരുക്കങ്ങള്‍ക്കാണ് മന്ത്രാലയങ്ങള്‍ കരുതലോടെ നടപടികള്‍ സ്വീകരിക്കുന്നത്.
ഹജ്ജ് കര്‍മങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി വിശുദ്ധ കഅബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടി. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ കിസ്‌വ സുരക്ഷയുടെ ഭാഗമായി തറ നിരപ്പില്‍ നിന്നും മൂന്നു മീറ്റര്‍ ഉയര്‍ത്തിക്കെട്ടിയത്.
ഉയര്‍ത്തിക്കെട്ടിയ കഅബയുടെ ഭാഗം രണ്ടു മീറ്റര്‍ ഉയരത്തില്‍ തൂവെള്ള പട്ടു തുണി കൊണ്ട് മൂടിയിടും. ഹറം കാര്യ വകുപ്പിലെയും കിസ്‌വ നിര്‍മാണ ഫാകടറിയിലെയും ജോലിക്കാര്‍ ചേര്‍ന്നാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. ത്വവാഫിനിടയില്‍ ഹാജിമാര്‍ കിസ്‌വയില്‍ പിടിച്ച് പ്രാര്‍ത്ഥനക്ക് ശ്രമിക്കുമ്പോള്‍ കിസ്‌വക്ക് കേടു വരാതിരിക്കാനാണ് ഹജ്ജിന് മുന്നോടിയായി ഉയര്‍ത്തിക്കെട്ടാറുള്ളത്. മുഹര്‍റം പകുതി വരെ ഈ സ്ഥിതി തുടരും. പിന്നീട് ഹാജിമാരുടെ തിരക്ക് ഒഴിയുന്നതോടെ മുഹര്‍റത്തില്‍ കിസ്‌വ താഴ്ത്തുന്നതാണ് പതിവ് രീതി. എല്ലാ വര്‍ഷവും അറഫാ ദിനത്തില്‍ പുതിയ കിസ്‌വയണിയിക്കാറുണ്ട്. ഇക്കൊല്ലം ഹാജിമാര്‍ക്ക് കഅബ സ്പര്‍ശിക്കാനുള്ള അനുമതിയില്ല. ബാരിക്കേഡുകള്‍ ഉയര്‍ത്തി തീര്‍ത്ഥാടകര്‍ കഅബക്ക് സമീപം എത്തുന്നത് തടയും. അതോടൊപ്പം, ഹജറുല്‍ അസ്‌വദ് ചുംബിക്കാനുള്ള അവസരവും കോവിഡിന്റെ പശ്ചാത്തലത്തില്‍ അനുവദിക്കില്ല. കഅബയുടെ ചുറ്റും സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണമുണ്ടാകും.
അതേസമയം, ഹജ്ജ് കര്‍മം തീരുന്നത് വരെ മക്കയില്‍ പ്രവേശിക്കുന്നതില്‍ തടസ്സമില്ലെന്നും ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്ന മിനാ, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നതെന്നും ഹജ്ജ് സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള കമാന്റര്‍ ബ്രിഗേഡിയര്‍ താരിഖ് അല്‍ഗുബാന്‍ അറിയിച്ചു. അനുമതി പത്രങ്ങളുള്ളവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം ഉണ്ടാവുകയുള്ളൂ. ഈ ഭാഗങ്ങളില്‍ അനുമതി പത്രമില്ലാതെ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷാ നടപടിയാണ് സ്വീകരിക്കുക.