ഷാര്‍ജ: മനോവിഭ്രാന്തിയിലായ യുവാവ് പുതുജീവിതം കിട്ടിയ സന്തോഷത്തില്‍ നാട്ടിലേക്ക് മടങ്ങുകയാണ്. കോഴിക്കോട് കുന്ദമംഗലം സ്വദേശി കൃഷാല്‍ (34) ആണ് അസുഖം ഭേദമായി പൂര്‍ണാരോഗ്യത്തോടെ നാടണയുന്നത്. ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീമിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കൃഷാലിന് വേഗം നാട്ടിലേക്ക് മടങ്ങാന്‍ സാഹചര്യമൊരുങ്ങിയത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ ബുധനാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഔട്പാസ് ലഭിച്ചിരുന്നു. വന്ദേ ഭാരത് മിഷന്റെ അടുത്ത വിമാനത്തില്‍ കൃഷാല്‍ നാട്ടിലേക്ക് മടങ്ങുമെന്നും വൈ.എ റഹീം അറിയിച്ചു.
സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ കൃഷാല്‍ ഒരു മാസം മുന്‍പാണ് സജ്ജായില് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. സജ്ജാ മരുഭൂമിയില്‍ ദിവസങ്ങളോളം കൃത്യമായ ആഹാരമില്ലാതെ അലഞ്ഞു നടക്കുകയായിരുന്ന കൃഷാലിന്റെ ദയനീയാവസ്ഥ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയറിഞ്ഞ് വൈ.എ റഹീമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സജ്ജായിലെത്തി കൃഷാലിനെ ഏറ്റെടുത്തു. ക്ഷീണിച്ച് അവശ നിലയിലായിരുന്നു കൃഷാല്‍. രാത്രിയോടെ ഷാര്‍ജ ക്ളോക്ക് ടവറിനടുത്തുള്ള ഹോട്ടലില്‍ താമസിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ കൃഷാലിനെ കാണാതാവുകയായിരുന്നു. എന്നാല്‍, ഇന്‍കാസ് പ്രവര്‍ത്തകര്‍ യുവാവിനെ രാത്രിയോടെ ഒരു കെട്ടിടത്തിന്റെ സമീപത്തു നിന്ന് കണ്ടെത്തി. പിറ്റേന്നു തന്നെ അവീറിലെ അല്‍അമല്‍ മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കിയ കൃഷാലിനെ അസുഖം ഭേദമായതിനെ തുടര്‍ന്ന് വൈ.എ റഹീം, ഷാന്റി തോമസ്, ബിജു ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടു വന്നു. കൃഷാല്‍ നാട്ടിലുള്ള കുടുംബത്തെ ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിക്കുകയും എത്രയും പെട്ടെന്ന് നാട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്തു.
പാസ്പോര്‍ട്ട് കൂടാതെ, പണം, മൊബൈല്‍ ഫോണ്‍ എന്നിവയും സജ്ജായില് വെച്ച് കൃഷാലിന് നഷ്ടമായിരുന്നു. തനിക്ക് പുതുജീവിതം നല്കിയ ഇന്‍കാസിന്റെ അഡ്വ. വൈ.എ റഹീം, സി.പി ജലീല്‍, എ.വി മധു, ബിജു ഇസ്മായില്‍, അബ്ദുല്‍ സലാം, ഷാനവാസ്, സയിദ് സാഫി, സിജു എന്നിവരോട് കൃഷാല്‍ നന്ദി അറിയിച്ചു. നാട്ടില്‍ തിരിച്ചു പോയി ജോലി തുടരണമെന്നും കൃഷാല്‍ ആഗ്രഹം പ്രകടിപ്പിച്ചു. പുതുജീവിതം നല്‍കിയര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഇന്‍കാസ് ഷാര്‍ജ യൂനിറ്റ് കമ്മിറ്റിയുടെ അഡ്വ. വൈ.എ റഹീമിനെയും സഹപ്രവര്‍ത്തകരെയും യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അഭിനന്ദിച്ചു. ഷാര്‍ജ ഇന്‍കാസ് കമ്മിറ്റി കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഈ ചെറുപ്പക്കാരന്റെ കദനം വാര്‍ത്തയാക്കിയ ഷിനോജ് ഷംസുദ്ദീനും (മീഡിയ വണ്‍), ഇ.ടി പ്രകാശിനും (മാതൃഭൂമി) അദ്ദേഹം കൃതജ്ഞത പ്രകാശിപ്പിച്ചു.