കഥ

=====

ജഹാംഗീര്‍ ഇളയേടത്ത്
പതിവില്ലാത്ത നേരത്തൊരു കോളിംഗ് ബെല്‍. മിലിട്ടറി നായരായിരിക്കും. അല്ലെങ്കിലും വെള്ളിയാഴ്ച സന്ധ്യയായാല്‍ അങ്ങോര് തുടങ്ങും.
”മിസ്റ്റര്‍ സത്യശീലനെപ്പൊ വരും? തിങ്കളാഴ്ച വരെ കാണുമോ?”
മിലിട്ടറിയുടെ ഈ ചോദ്യത്തിനും എന്റെ ഉത്തരത്തിനും സാധാരണ മാറ്റങ്ങളൊന്നുമുണ്ടാവാറില്ലെങ്കിലും ഈ ചടങ്ങ് പതിവ് തെറ്റാതെ ഞങ്ങളുടെ വെള്ളിയാഴ്ചകളെ സജീവമാക്കിക്കൊണ്ടിരുന്നു.
അല്ല…, മറന്നു, ഞാനെന്നെ പരിചയപ്പെടുത്തിയില്ല…
ഞാന്‍ മിസ്സിസ് സത്യശീലന്‍. വയസ്സ് നാല്‍പ്പത്തി രണ്ട്. കണ്ടാല്‍ അത്രക്കൊന്നും തോന്നില്ലെങ്കിലും മൊബൈല്‍ ഫോണിങ്ങനെ കണ്ണിനടുത്ത് പിടിച്ച് നോക്കുന്ന ശീലമുള്ളത് കൊണ്ട് തല്‍ക്കാലം വയസ് തിരുത്തി ചീത്തപ്പേര് സമ്പാദിക്കാന്‍ ഞാന്‍ മെനക്കെടുന്നില്ല.
”വല്ല പിരിവുകാരുമാണോ ഇനി?” വാതില്‍ തുറക്കാതെ ഐ വ്യൂവറിലൂടെ നോക്കാം.
അത്ഭുതം..! സത്യേട്ടന്‍. ഇന്ന് നേരത്തെയാണല്ലോ”.
സത്യേട്ടന്‍ കോഴിക്കോട് നിന്ന് രാത്രി പത്തേ പത്തിന് തൃശ്ശൂരെത്തുന്ന ട്രിവാന്‍ഡ്രം എക്‌സ്പ്രസ്സില്‍ വരാറാണ് പതിവ്. ഊബറില്‍ കയറി വീട്ടിലെത്തുമ്പോഴേക്കും മണി പത്തര കഴിയും. ആ ആളാണ് ഇന്ന് പതിവ് തെറ്റിച്ച് അഞ്ച് മണിക്കെത്തിയിരിക്കുന്നത്. വാതില്‍ തുറന്ന ഉടന്‍ ഞാന്‍ സത്യേട്ടനെ ഒരു ഫുള്‍ ബോഡി സ്‌കാനിംഗിന് വിധേയമാക്കി. ”അയ്യോ, ഇതെന്ത് പറ്റി? വാടിയ പടവലങ്ങ പോലെ”? എന്റെ വായ അടങ്ങിയിരുന്നില്ല…
”ഫേഷ്യല്‍ ചെയ്തില്ലേ?” ക്ഷീണത്തിലും സത്യേട്ടന്‍ കാര്യഗൗരവം കാട്ടി. അയല്‍പക്കത്തെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ബ്യൂട്ടി പാര്‍ലറുകാരി രാധയുടെ അടുത്ത് പോയി വെള്ളിയാഴ്ച
വൈകുന്നേരങ്ങളില്‍ മിനിമം ഒരു ടച്ചപ്പെങ്കിലും പതിവാണ്.
ഹാളില്‍ എത്തിയ ഉടന്‍ പുള്ളിക്കാരന്‍ ബാഗും സ്യൂട്ട്‌കേസും സെറ്റിയിലിട്ട് ബെഡ് റൂമിലേക്കൊരു വലി.
പരാക്രമം തീരുമ്പോഴേക്കും പുറത്ത് മിലിട്ടറി മാര്‍ച്ചെത്തി.
സത്യേട്ടന്‍ ബാത്‌റൂമില്‍ കയറി പൈപ്പ് തിരിച്ച സമയത്ത് ഞാന്‍ വാതില്‍ തുറന്ന് നായര്‍ക്ക് ആതിഥ്യം വിളമ്പി…
ഇന്നല്‍പം നേരത്തെയാണെങ്കിലും ചിറാപ്പുഞ്ചിയിലെ മഴയും കശ്മീരിലെ തണുപ്പും രാജസ്ഥാനിലെ ചൂടും പതിവ് പോലെ മിലിട്ടറി നായര്‍ ഹാളിലേക്ക് തള്ളിക്കൊണ്ടു വന്നു. ഗ്‌ളാസ്സുകള്‍ കൂട്ടി മുട്ടി. പൊട്ടലും നുരയലും പതയലും സദസ് കൊഴുപ്പിച്ചു. ഒമ്പതരയുടെ ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ്സ് പുഴയ്ക്കല്‍ പാടവരമ്പിലൂടെ കൂകിപ്പാഞ്ഞു. വീട്ടോഫീസറുടെ വാണിംഗ് ബെല്‍ കിട്ടിയതോടെ പട്ടാളം പത്തി മടക്കി മെല്ലെ പുറത്തേക്കിഴഞ്ഞു.
പടിഞ്ഞാറേ വയലില്‍ നിന്നൊരു ചുരുളന്‍ കാറ്റ് ജനല്‍പ്പൊളി കൊണ്ട് ഇരുട്ടിനെ പ്രഹരിച്ച് കടന്നുപോയി. തളര്‍ന്നുറങ്ങുന്ന സത്യേട്ടന്‍ വെറുതെയൊന്ന് മുരണ്ടു. അകലെ വിലങ്ങന്‍ കുന്നിന്റെ മുകളിലൊരു നുറുങ്ങു വെട്ടം. അതെന്റെ കണ്ണുകളിലേക്ക് പതുക്കെ ഇറങ്ങി വന്നു. പിന്നെ മെല്ലെ മെല്ലെ മങ്ങി മാഞ്ഞു.
നേരം വെളുത്തെന്ന് മീന്‍കാരന്‍ സിദ്ധിക്കയുടെ കൂവല്‍. ഫോര്‍മാലിനിട്ട ഐല പോലെ സത്യേട്ടനപ്പോഴും ഏസിത്തണുപ്പിലാണ്ടു കിടന്നു. ഞാന്‍ പതിയെ പുതപ്പ് പൊക്കി അദ്ദേഹത്തിന്റെ ഫേവറേറ്റ് പുതിയാപ്‌ളക്കോര വാങ്ങാന്‍ വാതില്‍ തുറന്നു. കടലിലെ ഉപ്പില്‍ ഏറെ നാള്‍ കിടന്നിട്ടും മധുരിക്കുന്ന മീന്‍. ഈ നാട്ടുകാരിതിനെ കിളി മീനെന്നാണ് വിളിക്കാറ്.
ഉച്ചക്ക് അസോസിയേഷന്‍ സെക്രട്ടറിയും സംഘവും കയറി വന്നു. സെക്യൂരിറ്റിച്ചന്ദ്രന്റെ കല്യാണക്കാര്യവും കോമ്പൗണ്ടിലെ പൊന്തയില്‍ വെച്ച് അണലിയുടെ പേറെടുത്ത ചെലവുള്‍പ്പടെ ഒരാഴ്ചത്തെ ചെലവുകള്‍ ദുഷ്ടന്മാര്‍ സത്യേട്ടന്റെ പോക്കറ്റില്‍ തപ്പി.
പകലും രാത്രിയും കൊതിയും തീറ്റയുമായി തിങ്കളാഴ്ച പുലര്‍ന്നു. ”ക്ഷീണമൊന്നും പോക്കടുത്താല്‍ ഉണ്ടാവില്ല ഈ മനുഷ്യന്…” പതിവ് പോലെ ചൊറിയാന്‍ മുട്ടിയപ്പോള്‍ ഞാനുടക്കി.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങള്‍ സൗന്ദര്യ വര്‍ധനക്കുള്ളതാണ്. സത്യേട്ടന്റെ പതിവ് ഓര്‍മപ്പെടുത്തല്‍. അതനുസരിച്ചുള്ള ജോലികളാണ് ഈ നാളുകളിലെനിക്ക്. മിലിട്ടറിയുടെ സര്‍ക്കീട്ടും ഇനി ഇങ്ങോട്ടേക്കുണ്ടാവില്ല. പണ്ടും വീട് തെണ്ടിയുള്ള പരദൂഷണം എന്റെ നിഘണ്ടുവിലില്ലാത്തതിനാല്‍ വീട്ടിലേക്കാവശ്യമില്ലാതെ തലയിടുന്ന ചില അവളുമാരെ കാണുന്നതേ എനിക്കലര്‍ജിയാണ്.
ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കായി കറണ്ട് പോയിരിക്കുന്നതിനാലാവണം ആരോ വാതിലില്‍ ശക്തിയായി മുട്ടുന്ന ശബ്ദം. ഐ വ്യൂവറിലൂടെ അപരിചിതരായ ഒരു സംഘത്തെ കണ്ട് ഞാന്‍ വാതില്‍ പാതി തുറന്ന് തല പുറത്തേക്കിട്ടു.
”സത്യശീലന്‍ സാര്‍ പോയിട്ടെത്ര നാളായി”?
”ഒരാഴ്ചയായി”.
”ഞങ്ങള്‍ ഹെല്‍ത് സെന്ററില്‍ നിന്നാണ്. അദ്ദേഹത്തിന്റെ റൂട്ട് മാപ് പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തല്‍ക്കാലം മറ്റ് അസുഖങ്ങളൊന്നും ഇല്ലെങ്കില്‍ നിങ്ങള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുക. മറ്റുള്ളവരോടും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കോവിഡ് ടെസ്റ്റ് പോസറ്റീവ് ആണെന്നൊരു ശ്രുതിയുണ്ട്”.
വന്നവര്‍ മടങ്ങിപ്പോയ ഉടന്‍ ഞാന്‍ വാതിലടച്ച് അകത്തേക്കോടി… ഒറ്റവലിക്ക് വെള്ളം കുറെയെടുത്തങ്ങ് കുടിച്ചു. പിന്നെ കിതപ്പും താങ്ങി സോഫയിലേക്ക് ചാഞ്ഞു…പോയ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഫോണില്‍ മിലിട്ടറിയുടെ പെണ്ണുമ്പിള്ള… അക്കുന്ത്രാണ്ടം തല്‍ക്കാലം സൈലന്റിലിട്ട് ഞാനെന്റെ ചിന്തകളെ വടക്കോട്ടേക്കയച്ചു…
എന്നും കോഴിക്കോട് പോയാല്‍ സത്യേട്ടന്റെ ഫോണ്‍ വിളി തുച്ഛമാണ്…വഴക്കിനുള്ള ഒരേയൊരു കാരണവും അതാണല്ലോ…സത്യം പറയാമല്ലോ ഇത്തവണ അങ്ങോരുടെ വിളി പതിവിലും കൂടുതലായിരുന്നു… അല്ലെങ്കിലും
പനി വന്നാല്‍ പുള്ളിക്കാരന്‍ അങ്ങനെ തന്നെയാണ്. അമ്മയെയും മരിച്ചു പോയ അമ്മായിയെയുമൊക്കെ നാമം ചൊല്ലുന്ന പോലെ വിളിച്ച് കൊണ്ടിരിക്കും…എനിക്കത് കേള്‍ക്കുമ്പോഴേ പെരുവിരലില്‍ നിന്നെന്തോ അരിച്ച് കയറും… എന്നാലും പനിക്കാലത്ത് മൂപ്പര് ഫോണെടുത്ത് വിളിക്കുന്നത് വലിയ സ്‌നേഹത്തിലാകും…”മോളേ, എനിക്ക് വയ്യടാ”! ഹോ, ആ കൊഞ്ചല്‍ കേള്‍ക്കാന്‍ തന്നെ വല്ലാത്ത സുഖമാണ്…
വെറുതെ ഓരോന്നോര്‍ത്തങ്ങനെ കിടന്നുറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ ഫോണില്‍ മിസ്‌കോളുകളുടെ ബഹളം. മിസ്സിസ് മിലിട്ടറി തന്നെ പല തവണ. അമ്മയുടെ കോളുമുണ്ടല്ലോ. അമ്മ വല്ലപ്പോഴുമേ വിളിക്കൂ. കൊറോണക്കഥകള്‍ നാട് നിറഞ്ഞിട്ട് പോലുമില്ലായിരുന്നു അമ്മയുടെ ഒരു കോള്‍. വല്ല മരുന്ന് തീര്‍ന്നാലോ പലചരക്ക് കടക്കാരന്‍ തങ്കപ്പന്‍ നായരുടെ ബില്ല് കിട്ടിയാലോ കരണ്ട് ബില്ല് വന്നാലോ ഒന്ന് വിളിക്കും…ചുരുക്കം ചില വാക്കുകള്‍ മാത്രം. അല്ലെങ്കിലും ഞങ്ങള്‍ക്കിടയില്‍ വിശേഷങ്ങള്‍ അസ്തമിച്ചിട്ട് വര്‍ഷങ്ങളായല്ലോ.
പട്ടാളത്തില്‍ നിന്ന് വല്ലപ്പോഴും ലീവില്‍ വന്നിരുന്ന അച്ഛനെ എനിക്കെന്നും ഭയമായിരുന്നു. ശരിക്കും ഒരു മുരടന്‍. അമ്മ അയാളെ എങ്ങനെ സഹിക്കുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹാ, ചിലപ്പോള്‍ തോന്നും അമ്മയ്ക്ക് അതുപോലെ ഒരെണ്ണം വേണ്ടിയിരുന്നുവെന്ന്. ”യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ മോള്‍ക്കിപ്പോള്‍ രണ്ട് പട്ടാളക്കാര്‍ക്ക് കള്ളൊഴിച്ച് കൊടുക്കലാണ് പണി”. രണ്ടെണ്ണം അടിച്ചാല്‍ ഇതും പറഞ്ഞ് സത്യേട്ടന്‍ പൊട്ടിച്ചിരിക്കും. അകമ്പടിയായി ആ മിലിട്ടറി നായരും. അല്ല ഞാനത് പറഞ്ഞിരുന്നില്ല അല്ലേ? സത്യേട്ടനും പട്ടാളമാണ് കേട്ടോ. പട്ടാളത്തിലെ ജോലിക്ക് ശേഷമാണല്ലോ അങ്ങോര് കോഴിക്കോട് കച്ചവടം തുടങ്ങുന്നത്.
ഫോണെടുത്ത് അമ്മയെ ഒന്ന് വിളിച്ചെന്ന് വരുത്തി പിന്നെ സത്യേട്ടന്റെ നമ്പറൊന്ന് ഡയല്‍ ചെയ്തു. അങ്ങോട്ടേക്ക് വിളിക്കരുതെന്നാണ് പുള്ളിക്കാരന്റെ ഓര്‍ഡര്‍. എന്നാലും മനസ് അനുവദിക്കാതിരുന്നാല്‍ എന്ത് ചെയ്യും? മറുതലക്കല്‍ പതിവില്ലാത്ത പരുഷമായ ഒരു സ്ത്രീ ശബ്ദം. അവര്‍ പറയുന്നത് പലതും ഞാന്‍ കേട്ടില്ല. ഫോണ്‍ താഴെ വീണതറിയാതെ ഞാനകത്തെ കട്ടിലിലേക്ക് വീണു. അലറിപ്പാഞ്ഞൊരു തീവണ്ടിയപ്പോള്‍ ജനലഴി വിടവിലൂടെ മിന്നിമറഞ്ഞു. എനിക്ക് തൊണ്ട വരളുന്ന പോലെ. ശരീരം വല്ലാതെ പൊള്ളുന്നു.
ആഴ്ചകള്‍ക്കിപ്പുറം മരുന്ന് മണക്കുന്ന ആശുപത്രി മുറിയില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ ചുറ്റും വെള്ളിവെളിച്ചം വീശി മാലാഖക്കൂട്ടങ്ങള്‍. സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനും നടുവിലിരുന്ന് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ സത്യേട്ടനില്ലാത്ത ലോകവും ഐഡന്റിറ്റി തെളിയിക്കേണ്ട സന്ദര്‍ഭവും മഹാമാരി മാറി ഉണരുന്ന കാലവും എന്നെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു.

================================

(ഇമെയില്‍:jahangeerelayedath@gmail.com. മൊബൈല്‍: +971 56 7220059).