ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വിലങ്ങ്; പ്രവാസികള്‍ വീണ്ടും പ്രയാസത്തിലേക്ക്

    63

    അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. ഇനി മുതല്‍ യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതില്ല എന്ന തീരുമാനത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ക്ക് യാത്ര റദ്ദാക്കേണ്ടി വന്നു. ശനിയാഴ്ച അബുദാബി സംസ്ഥാന കെഎംസിസി ഒരുക്കിയ ഇത്തിഹാദ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാര്‍ക്കും ഇതു മൂലം യാത്ര ചെയ്യാനായില്ല.
    ഇത്തിഹാദ് എയര്‍വേസ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ എന്നീ യുഎഇ ദേശീയ വിമാനങ്ങളുടെ കൂടുതല്‍ സര്‍വീസുകള്‍ നടത്താനായി കെഎംസിസി ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു. അനുമതി നിഷേധിച്ചതോടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് നാടണയാനുള്ള സാധ്യതയാണ് ഇല്ലാതായത്.
    കേന്ദ്ര സര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷന്‍ പദ്ധതിയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന്റെ പരിമിതികള്‍ അതിജീവിക്കാന്‍ പ്രവാസികള്‍ക്ക് തുണയായത് ചാര്‍ട്ടേഡ് വിമാനങ്ങളായിരുന്നു. എന്നാല്‍, യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള വിലക്ക് പ്രവാസികളെ കൂടുതല്‍ പ്രയാസത്തിലാക്കി മാറ്റുകയായിരുന്നു. പലരും വിമാനത്താവളത്തിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് യാത്ര മുടങ്ങിയ കാര്യം അറിയുന്നത്.
    നേരത്തെ, അനുമതി നല്‍കിയ വിമാനങ്ങള്‍ക്ക് പോലും യാത്ര നിഷേധിച്ച നടപടിയില്‍ പ്രവാസികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് ഇതുസംബന്ധിച്ച വിവരം എയര്‍ലൈന്‍ ഓഫീസുകളില്‍ എത്തുന്നത്. ഏറ്റവും കൂടുതല്‍ പ്രവാസികളെ നാട്ടിലെത്തിച്ച കെഎംസിസി വരുംദിനങ്ങളിലും ആയിരക്കണക്കിന് പേരെ അയക്കാനുള്ള പണിപ്പുരയിലായിരുന്നു.