ജലീബിലെയും മഹ്ബൂലയിലെയും ലോക്ക്ഡൗണിന് വിരാമമാകുന്നു

31

കുവൈത്ത് സിറ്റി: ജൂലായ് 9ന് വ്യാഴാഴ്ച മുതല്‍ ജലീബ് അല്‍ ഷുവൈഖ്, മഹ്ബൂല എന്നിവിടങ്ങളിലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വ്യാഴാഴ്ച പ്രധാനമന്ത്രി ശൈഖ് സബാ അല്‍ ഖാലിദ് അല്‍ സബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സമിതിയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. കൊറോണയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന വകുപ്പുകളുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക സമിതിയുടെ നടപടി. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന തീയതി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസ്‌റം ആണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 7 മുതലാണ് വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ, ഹസാവി ഏരിയകള്‍ ഉള്‍പ്പെടുന്ന ജലീബ് ജില്ലയും മഹ്ബൂല ഏരിയയും സമ്പൂര്‍ണ ലോക്ക്ഡൗണിലായത്. പിന്നീട് മെയ് 10 മുതല്‍ മെയ് 30 വരെ രാജ്യം മുഴുവന്‍ 20 ദിവസത്തെ ലോക്ക്ഡൗണില്‍ നിന്ന് മുക്തി നേടിയെങ്കിലും ഈ രണ്ട് മേഖലകള്‍ അതേ പടി തുടരുകയായിരുന്നു. അതേസമയം, രാത്രി 8 മുതല്‍ രാവിലെ 5 വരെയുള്ള കര്‍ഫ്യൂ തുടരും.