റാസല്‍ഖൈമ: ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍, ആസ്റ്റര്‍ ക്‌ളിനിക്, ഇന്ത്യന്‍ അസോസിയേഷന്‍ റാസല്‍ഖൈമ, ആരോഗ്യ മന്ത്രാലയം റാസല്‍ഖൈമ എന്നിവയുമായി ചേര്‍ന്ന് ആസ്റ്റര്‍ വളണ്ടിയേഴ്‌സ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ സൗജന്യ മെഡിക്കല്‍ ക്യാമ്പിലും രക്തദാന യജ്ഞത്തിലുമായി 800ലധികം പേരില്‍ സേവനമെത്തി.
വിവിധ രാജ്യങ്ങളിലെ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്താലും, തൊഴില് ല്‍ നഷ്ടം കാരണമായും, യുഎഇയില്‍ റെസിഡെന്‍സ് വിസയിലുള്ളവര്‍ക്ക് സ്ഥിരമായ ആരോഗ്യ പരിശോധനയും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുളള ആശുപത്രി സന്ദര്‍ശനങ്ങളും താങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുളളത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ആഗോള സിഎസ്ആര്‍ ഉദ്യമമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് റാസല്‍ഖൈമ നഖീലിലെ ഇന്ത്യന്‍ സ്‌കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലൂടെ ആളുകള്‍ക്ക് നേരിട്ടെത്തി സൗജന്യമായി മെഡിക്കല്‍ പരിശോധന ഉപയോഗപ്പെടുത്താനുളള അവസരമാണ് ഒരുക്കിയത്. നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളില്‍ ഒരുക്കിയ ക്യാമ്പിലേക്ക് ആളുകള്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിച്ചു. സാമൂഹിക അകല പാലന നിയമങ്ങളും കൃത്യമായ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ച് സംഘടിപ്പിക്കപ്പെട്ട മെഡിക്കല്‍ ക്യാമ്പില്‍ വിവിധ തരത്തിലുള്ള കണ്‍സള്‍ട്ടേഷന്‍ സൗകര്യങ്ങള്‍ നല്‍കുകയും പങ്കെടുത്തവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
സമൂഹത്തിന് തിരികെ നല്‍കുകയെന്നത് എല്ലായ്‌പ്പോഴും ആസ്റ്റര്‍ മുറുകെ പിടിക്കുന്ന മൂല്യങ്ങളിലൊന്നാണെന്ന് ഈയവസരത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
സമൂഹത്തിലെ നിര്‍ധന അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഉദ്യമങ്ങള്‍ ഏറ്റെടുക്കുകയെന്നത് ഈ പ്രയാസകരമായ സമയങ്ങളില്‍ കൂടുതല് പ്രാധാന്യമര്‍ഹിക്കുന്നതാണ്. പങ്കാളികളുടെ സഹായത്തോടെ, മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അതിനുളള സൗകര്യങ്ങളൊരുക്കാനും, രക്തം ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചവര്‍ക്ക് അതിനാവശ്യമായ പിന്തുണ നല്‍കാനും സാധിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുകയും ഈ സേവനത്തിന്റെ ഗുണഭോക്താക്കളാവുകയും ചെയ്ത ആളുകള്‍ നല്‍കിയ പ്രോത്സാഹനം, സാധ്യമായത്ര ആളുകളിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുമെത്തിക്കാന്‍ പ്രചോദനം പകരുന്നതാണെന്നും അത് തുടരുമെന്നും ഡോ. ആസാദ് വ്യക്തമാക്കി.
നേത്രരോഗ പരിശോധന, ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടേഷന്‍, ജനറല്‍ മെഡിക്കല്‍ ചെക്കപ്, കാഴ്ച പരിശോധന എന്നിവ ഉള്‍പ്പെടുന്നതായിരുന്നു സൗജന്യ മെഡിക്കല്‍ ക്യാമ്പ്. രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രക്തദാന യൂണിറ്റും സജ്ജീകരിച്ചിരുന്നു.
ആസ്റ്റര്‍ വളണ്ടിയേഴ്‌സ് നടത്തി വരുന്ന പ്രധാന ഉദ്യമങ്ങിലൊന്നാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും രക്തദാന യജ്ഞങ്ങളും. ആസ്റ്റര്‍ വളണ്ടിയേഴ്‌സ് സംഘടിപ്പിച്ച 3,584 മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നായി ഇതു വരെ 525,517 പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനങ്ങള്‍, ഭിന്നശേഷിയുളളവരുടെ റിക്രൂട്ട്‌മെന്റ്, സൗജന്യ ശസ്ത്രക്രിയകള്‍, ദുരന്ത മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ ആഗോള ഉദ്യമങ്ങളിലൂടെ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന് ഇതിനകം 2 ദശലക്ഷത്തിലധികം ജീവിതങ്ങളെ സ്പര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്.