860 എയര്‍ ഇന്ത്യ, 1256 ചാര്‍ട്ടേഡ് വിമാനങ്ങള്‍; ഇതു വരെ മടങ്ങിയത് 5.03 ലക്ഷം പ്രവാസികള്‍

    അബുദാബി: കോവിഡ് 19നെ തുടര്‍ന്ന് യാത്രാക്‌ളേശം അനുഭവിച്ചിരുന്ന പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേ ഭാരത് മിഷനില്‍ എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും 860 വിമാനങ്ങള്‍ പങ്കാളികളായി. വിവിധ സംഘടനകളുടെയും സ്വകാര്യ കമ്പനികളുടേതുമായി 1,256 ചാര്‍ട്ടേഡ് വിമാനങ്ങളാണ് പ്രവാസികളെ എത്തിക്കുന്നതില്‍ പങ്കു ചേര്‍ന്നത്.
    137 രാജ്യങ്ങളില്‍ നിന്നായി 503,990 പേരെ ഇതിനകം ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെയ് ആറു മുതല്‍ ജൂലൈ മൂന്നു വരെയുള്ള കാലയളവിലാണ് ഇത്രയും പ്രവാസികളെ നാട്ടില്‍ തിരികെയെത്തിച്ചത്. കൂടാതെ, എട്ടു നാവിക കപ്പലുകളും ദൗത്യത്തില്‍ പങ്കാളികളാവുകയുണ്ടായി. അയല്‍രാജ്യങ്ങളില്‍ നിന്ന് കരാതിര്‍ത്തികള്‍ കടന്ന് 95,220 പേരാണ് പിറന്ന മണ്ണിലെത്തിയത്.
    തുടക്കത്തില്‍ 190,000 പേരെ കൊണ്ടുവരാനുള്ള പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍, യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
    ജൂലൈ ഒന്നു വരെയുള്ള കണക്കനുസരിച്ച് 170,000 പേര്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലും 275,000 പേര്‍ വിവിധ ചാര്‍ട്ടേഡ് വിമാനങ്ങളിലുമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.