ദുബൈ: 42 വര്‍ഷത്തെ പ്രവാസം മതിയാക്കി കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശി ചെന്നങ്ങാടന്‍ മൊയ്തീന്‍ ഹാജി ജന്മനാട്ടിലേക്ക് തിരിച്ചു. ദുബൈ ശൈഖ് മക്തൂം കുടുംബത്തോടൊപ്പം 42 വര്‍ഷം സന്തോഷത്തോടെ കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ ഓര്‍മയില്‍ സൂക്ഷിച്ച് കൊണ്ടാണ് അദ്ദേഹം ഈ നാടിനോട് വിട ചൊല്ലുന്നത്. കെഎംസിസി, എസ്‌കെഎസ്എസ്എഫ് എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. നാട്ടുകാരായ ഒരുപാടാളുകള്‍ക്ക് പാലസിലും പുറത്തും ജോലി ശരിപ്പെടുത്തിക്കൊടുത്ത് നിരവധി കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്തിയ മൊയ്തീന്‍ ഹാജി മറ്റുള്ളവര്‍ക്ക് മാതൃക കൂടിയാണ്.
ആറു മക്കള്‍ (മുഹമ്മദ് അലി -ചെന്നൈയില്‍ ബിസിനസ്, ജഅ്ഫര്‍ സാദിഖ് -ശൈഖ് പാലസ് സാബീല്‍ ദുബൈ, മുഹമ്മദ് റാഷിദ് -അക്കൗണ്ടന്റ് കോട്ടക്കല്‍, സമീറ, ബുഷ്‌റ, ജസീന -ഫാര്‍മസിസ്റ്റ് ഫുജൈറ) ആണ് ഹാജിക്കുള്ളത്.
1978ല്‍ പ്രവാസ ജീവിതം തുടങ്ങി. അന്നു മുതല്‍ ശൈഖ് മക്തൂം പാലസില്‍ ബോയ് ആയും പിന്നീട് ഡ്രൈവറായും ജോലി ചെയ്ത് ശൈഖ് കുടുംബത്തിന്റെ വിശ്വസ്തത പിടിച്ചു പറ്റിയ മൊയ്തീന്‍ ഹാജി ദുബൈയുടെ വികസനം നോക്കിക്കണ്ട വ്യക്തിത്വം കൂടിയാണ്. ആ അനുഭവങ്ങള്‍ സഹപ്രവര്‍ത്തകര്‍ ഒരുക്കിയ യാത്രയയപ്പില്‍ അദ്ദേഹം പങ്കു വെച്ചു.
ഒപ്പം ജോലി ചെയ്യുന്ന മുളഞ്ഞിപ്പിലാന്‍ ഹംസ ഹാജി, ചെരട മൂസ ഹാജി, ചീരങ്ങന്‍ ഹംസ, ചെമ്മല മുഹമ്മദ്, മുളഞ്ഞിപ്പിലാന്‍ മുഹമ്മദ്കുട്ടി, നെച്ചിക്കാടന്‍ ഹംസ, തട്ടാരത്തോടി നൗഷാദ് ബാബു, മുസ്തഫ ചീരങ്ങന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യാത്രയയപ്പ് നടന്നത്.