അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള മടക്ക യാത്ര പ്രയാസത്തിലായപ്പോള്‍ പ്രവാസികള്‍ക്ക് കൂടുതല്‍ തുണയായത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ തന്നെ. കേന്ദ്ര സര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷനും സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങളും തമ്മില്‍ നിരക്കിന്റെ കാര്യത്തില്‍ ഏറെ അന്തരമുണ്ടെങ്കിലും, കൂടുതല്‍ പേര്‍ക്കും ആശ്രയമായത് ചാര്‍ട്ടേഡ് വിമാനങ്ങളായിരുന്നു.
യുഎഇയില്‍ നിന്നും കൊച്ചിയിലേക്ക് വന്ദേ ഭാരത് വിമാനത്തിലെ യാത്രക്ക് 770 ദിര്‍ഹമായിരുന്നുവെങ്കില്‍ ചാര്‍ട്ടേഡ് വിമാന ടിക്കറ്റിന് 1,400 വരെ ഈടാക്കിയവരുണ്ട്. ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രവാസികളെ നാട്ടിലെത്തിച്ച ചാര്‍ട്ടേഡ് വിമാനം ദുബൈ കെഎംസിസിയുടേതായിരുന്നു. 975 ദിര്‍ഹമിനാണ് ദുബൈ കെഎംസിസി പ്രവാസികളെ നാട്ടിലെത്തിച്ചത്. തുടര്‍ന്ന്, അബുദാബി കെഎംസിസി 990 ദിര്‍ഹമിനും ടിക്കറ്റ് നല്‍കി. ജൂലൈ 4ന് ദുബൈ കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനം 899 ദിര്‍ഹമിനാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. വരുംദിവസങ്ങളിലും പ്രവാസികള്‍ക്ക് ആശ്വാസമായി കെഎംസിസി വിമാനങ്ങളുണ്ടാകുമെന്ന് കെഎംസിസി നേതാക്കള്‍ അറിയിച്ചു.
കോവിഡ് 19നെ തുടര്‍ന്ന് യാത്രാ ക്‌ളേശം അനുഭവിച്ചിരുന്ന പ്രവാസികളില്‍ 445,000 പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി ഇതു വരെ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതില്‍ 275,000 പേര്‍ വിവിധ ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. 170,000 പേര്‍ മാത്രമാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ-എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ നാട്ടിലെത്തിയത്.