കണ്ണൂരില്‍ മുസ്‌ലിംലീഗ് മേയര്‍

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട മുസ് ലിം ലീഗിലെ സി.സീനത്ത് സത്യപ്രതിജ്ഞ ചെയ്യുന്നു

    കണ്ണൂര്‍: കണ്ണൂരില്‍ മുസ്‌ലിം ലീഗിലെ സി സീനത്ത് മേയറായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ കലക്ടറേറ്റ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഇപി ലതയെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് സീനത്ത് മേയറായത്. സി സീനത്തിന് 28വോട്ടും ഇപി ലതക്ക് 27ഉം ലഭിച്ചു. സ്വതന്ത്ര അംഗം പികെ രാഗേഷ് യു.ഡി.എഫിന് വോട്ടു ചെയ്തു. മുന്‍ ധാരണ പ്രകാരം കോണ്‍ഗ്രസിലെ സുമാബാലകൃഷ്ണന്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
    വരണാധികാരികൂടിയായ കലക്ടര്‍ ടി.വി സുഭാഷ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. അഡ്വ. ടി.ഒ മോഹനന്‍ മേയര്‍ സി സീനത്തിന്റെ പേര് നിര്‍ദേശിച്ചു. ഇപി ലതയുടെ പേര് എന്‍ ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടപടികള്‍. അംഗങ്ങളെ മൂന്ന് ബാച്ചായി തിരിച്ച് ഇരിപ്പിടം സജ്ജമാക്കി ഡിവിഷന്‍ ക്രമത്തിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരി മുമ്പാകെ സി സീനത്ത് സത്യപ്രതിജ്ഞ ചെയ്തു. കെ.സുധാകരന്‍ എംപി, കെഎം ഷാജി എംഎല്‍എ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുള്‍ ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, അഡ്വ.അബ്ദുല്‍ കരീം ചേലേരി, സതീശന്‍ പാച്ചേനി എ ഡി മുസ്തഫ, തുടങ്ങിയവര്‍ സത്യ പ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. കസാനകോട്ട ഡിവിഷനില്‍ നിന്നാണ് സീനത്ത് കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2000ല്‍ കസാനകോട്ടയില്‍ നിന്നാണ് നഗരസഭയിലേക്ക് മത്സരിച്ചത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. കണ്ണൂര്‍ സിറ്റി അഞ്ചുകണ്ടിയില്‍ സറീന ഹൗസില്‍ മുഹമ്മദ് കുഞ്ഞിയുടെയും നഫീസയുടെയും നാലാമത്തെ മകളാണ്. ചിറക്കല്‍ കുളം എംടി ഹൗസില്‍ സത്താറാണ് ഭര്‍ത്താവ്.