അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് 19 പശ്ചാത്തലത്തില്‍ അസാധാരണമായ ഒരുക്കങ്ങളുമായി നടക്കുന്ന ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജിന് അവസരം ലഭിച്ച തീര്‍ത്ഥാടകര്‍ ഖര്‍നുല്‍ മനാസില്‍ മീഖാത്തില്‍ നിന്നാകും ഇഹ്‌റാമില്‍ പ്രവേശിക്കുക. ഹജ്ജ് ചരിത്രത്തില്‍ ആദ്യമാണ് തീര്‍ത്ഥാടകരെല്ലാം ഒരേ മീഖാത്തില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിക്കുന്നത്. മസ്ജിദുല്‍ ഹറാമിന്റെ വടക്കു-കിഴക്ക് ഭാഗത്തു നിന്ന് 80 കി.മീറ്ററും തായിഫ് നഗരത്തില്‍ നിന്ന് 40 കി.മീറ്ററും അകലെയയാ ഖര്‍നുല്‍ മനാസില്‍ മീഖാത്ത് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള സയ്ല്‍ അല്‍ കബീര്‍ മസ്ജിദിലാണ് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സഊദിയിലെ വലുപ്പം കൂടിയ പള്ളികളില്‍ ഒന്നാണ് സയ്ല്‍ അല്‍ കബീര്‍ മസ്ജിദ്.
ഹജ്ജിന്റെ ആദ്യ കര്‍മമാണ് മീഖാത്തില്‍ നിന്ന് ഇഹ്‌റാം നിര്‍വഹിക്കല്‍. വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ മക്കയിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തിയിലാണ് മീഖാത്തുകളുള്ളത്. നജ്ദില്‍ നിന്ന് വരുന്നവര്‍ക്കായി സംവിധാനിച്ചതാണ് ഖര്‍നുല്‍ മനാസില്‍ മീഖാത്ത്. പ്രവാചകന്റെ കാലത്ത് നാല് മീഖാത്തുകളാണ് ഇഹ്‌റാമിനായി നിശ്ചയിക്കപ്പെട്ടത്. പിന്നീട്, ഖലീഫ ഉമറിന്റെ കാലത്താണ് അഞ്ചാമത്തെ മീഖാത്ത് സ്ഥാപിച്ചത്.
ഹാജിമാരെ വരവേല്‍ക്കാന്‍ മുസ്ദലിഫ മസ്ജിദില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഇസ്‌ലാമിക്, കാള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം വ്യക്തമാക്കി. മസ്ജിദില്‍ ഏറ്റവും പുതിയ എയര്‍ കണ്ടീഷനറുകള്‍ സ്ഥാപിച്ചും അതിമനോഹരമായ കാര്‍പെറ്റുകള്‍ വിരിച്ചുമാണ് തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നത്. കൂടാതെ, ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കിയത് ഉള്‍പ്പെടെ, ശൗചാലയങ്ങളില്‍ അടിയന്തിരമായ അറ്റകുറ്റപ്പണികളും വികസന പ്രവൃത്തികളും പൂര്‍ത്തിയാക്കി. പള്ളിയുടെ പരിസരത്ത് പുതിയ ജനറേറ്ററുകളും ഇനി മുതല്‍ പ്രവര്‍ത്തിക്കും. ഹാജിമാരെ സേവിക്കാന്‍ നിരീക്ഷണ കാമറകളും അവര്‍ക്ക് ബോധവത്കരണം നല്‍കാന്‍ മോണിറ്ററുകളും സ്ഥാപിച്ചതായി മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പള്ളിക്കകത്ത് സാമൂഹിക അകലം പാലിക്കാന്‍ സ്വഫുകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇക്കാര്യത്തില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്ത്രീകളും പുരുഷന്മാരുമായ വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ, സുരക്ഷാ, സര്‍വീസ് വകുപ്പുകളുമായി ഏകോപനം നടത്തിയാണ് കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കുകയെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം നേരത്തെ സൂചിപ്പിച്ചതിനെക്കാള്‍ വളരെയധികം കുറച്ച് പരിമിതപ്പെടുത്തിയതായാണ് വിവരം. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ അതിപ്രധാനമെന്ന നിലപാടിന്റെ ഭാഗമാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ വിശുദ്ധ കര്‍മത്തിനുള്ള തീര്‍ത്ഥാടകരുടെ എണ്ണം കുറച്ച നടപടിയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം നേതാക്കള്‍ അഭിനന്ദിച്ചിരുന്നു. ആരോഗ്യ-ഹജ്ജ് മന്ത്രാലയങ്ങളുടെ കര്‍ശന നിരീക്ഷണത്തിലാണ് തീര്‍ത്ഥാടകരുടെ ഓരോ ചലനങ്ങളും.
————–