നിസാറിന് കണ്ണീരോടെ വിട; മയ്യിത്ത് റാസല്‍ഖൈമയില്‍ മറവ് ചെയ്തു

89
നിസാര്‍ ഹമീദ്കുട്ടി

റാസല്‍ഖൈമ: ജോലിക്കിടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളിയുടെ മയ്യിത്ത് മറവ് ചെയ്തു. കൊല്ലം ഇരവിചിറ വെസ്റ്റ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ ഹമീദ്കുട്ടി (48) ആണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. നിസാറിനൊപ്പം കൂടെ ജോലി ചെയ്യുന്ന ബംഗ്‌ളാദേശിയും മരിച്ചു. സഹപ്രവര്‍ത്തകര്‍ കണ്ണീരോടെയാണ് പ്രിയപ്പെട്ടവനെ യാത്രയാക്കിയത്.
റാസല്‍ഖൈമയിലെ ജസീറയില്‍ റാക് ഫിക്‌സ് എന്ന സ്ഥാപനത്തില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. സഹപ്രവര്‍ത്തകനായ ബംഗ്‌ളാദേശി ട്രക്കിന്റെ ടയര്‍ ശരിയാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നിസാറിനെ ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു മരണം സംഭവിച്ചത്. പത്ത് വര്‍ഷമായി ഇവിടെയുള്ള നിസാര്‍ അടുത്ത മാസം വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ മടങ്ങാനിരിക്കെയായിരുന്നു മരണം. റാസല്‍ഖൈമ കെഎംസിസി റെസ്‌ക്യു വിംഗ് കണ്‍വീനറും കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ ഹസൈനാര്‍ കോഴിച്ചെനയുടെ നേതൃത്വത്തിലായിരുന്നു നിസാറിന്റെ മൃതദേഹത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് റാസല്‍ഖൈമയില്‍ മറവ് ചെയ്തത്. യുഎഇ കെഎംസിസി സെക്രട്ടറി പി.കെ.എ കരീം, റാക് കെഎംസിസി വൈസ് പ്രസിഡന്റുമാരായ അയ്യൂബ് കോയക്കാന്‍, ഹനീഫ പാനൂര്‍, മലപ്പുറം ജില്ലാ സെക്രട്ടറി അസ്‌ലം അന്നാര, ബഷീര്‍ നാദി, കുഞ്ഞാലിക്കുട്ടി, ശിഹാബ് ഫാര്‍മസി, റാക് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജന.സെക്രട്ടറി സലീം, ട്രഷറര്‍ ഫൈസല്‍ പുറത്തൂര്‍ എന്നിവര്‍ മയ്യിത്ത് മറവ് ചെയ്യാനും മറ്റും നേതൃത്വം നല്‍കി. റഷീദ് റഹ്മാനി പ്രാര്‍ത്ഥന നിര്‍വഹിച്ചു.