ഒരാള്‍ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍

    കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യകണ്ണിയെന്നു കരുതുന്ന ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി റമീസിനെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. നിലവില്‍ കസ്റ്റംസ് കസ്റ്റഡിയില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി സരിത്തിനെയും റമീസിനെയും ഒരുമിച്ചിരുത്തി കസ്റ്റംസ് ചോദ്യം ചെയ്തു. രാത്രിയോടെ എന്‍.ഐ.എ സംഘവും ഇരുവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് റമീസെന്നാണ് സൂചന. രണ്ട് ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറ് റൈഫിളുകളായിരുന്നു. ഗ്രീന്‍ചാനല്‍ വഴി ഇവ കടത്താന്‍ ശ്രമിക്കവേ പിടിയിലാവുകയായിരുന്നു. അതിനിടെ കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദിനെ ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി യു.എ.ഇയോട് ആവശ്യപ്പെട്ടേക്കും. ഫാസില്‍ നേരത്തെയും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയതായാണ് വിവരം. ഇയാള്‍ക്ക് ഉന്നതതലത്തിലുള്ള ബന്ധങ്ങല്‍ ഉള്ളതായും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. ദുബായില്‍ ബിസിനസ് നടത്തിവരികയണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ കസ്റ്റംസ് അധികൃതര്‍ തയാറായിട്ടില്ല.ò