ഉറക്കം യാത്ര മുടക്കി; എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളി 36 മണിക്കൂറിനു ശേഷം നാട്ടിലേക്ക് മടങ്ങി

    പീര്‍ കണ്ണു ഷാജഹാന്‍

    ദുബൈ: എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ മലയാളി 36 മണിക്കൂറിനു ശേഷം ശനിയാഴ്ച വൈകുന്നേരം 4.30ന് ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തില്‍ മടങ്ങി. ദുബൈ കെഎംസിസിയുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത 426 പേരെയും വഹിച്ചുള്ള എമിറേറ്റ്‌സ് ജംബോ ജെറ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഇതില്‍ പോകേണ്ടിയിരുന്ന തിരുവനന്തപുരം സ്വദേശി പീര്‍ കണ്ണു ഷാജഹാന്‍ എന്ന യാത്രക്കാരനാണ് ഉറക്കം വിനയായത്.
    അബുദാബി മുസഫയില്‍ സ്‌റ്റോര്‍ കീപര്‍ ആയി ജോലി ചെയ്തു വന്നിരുന്ന പീര്‍ കണ്ണു ഷാജഹാന്‍, വിസ കാന്‍സല്‍ ചെയ്ത് വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് പുറപ്പെടുന്ന വിമാനത്തില്‍ പോകാനായി വളരെ നേരത്തെ തന്നെ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. കോവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന് തെളിഞ്ഞതിനാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിക്ക് ടെര്‍മിനലിലെ ആളൊഴിഞ്ഞ ഭാഗത്തിരുന്ന് ഉറങ്ങുകയായിരുന്നു ഇദ്ദേഹം. സമയം കഴിഞ്ഞും ഉറക്കം നീണ്ടു പോയതാണ് വിമാനം നഷ്ടപ്പെടാനിടയാക്കിയത്. ഉറക്കമെണീറ്റ് അന്വേഷിച്ചപ്പോഴേക്കും വിമാനം പോയിക്കഴിഞ്ഞിരുന്നു. കൈവശം പണമില്ലായിരുന്നു. കെഎംസിസി വളണ്ടിയര്‍മാര്‍ നല്‍കിയ കിറ്റിലെ ലഘു ഭക്ഷണമാണ് കഴിച്ചത്. പിന്നീട്, ദുബൈ കെഎംസിസി സെക്രട്ടറി കൊല്ലം നിസാമുദ്ദീനെ വിവരമറിയിച്ചത് പ്രകാരം, അദ്ദേഹം തിരുവനന്തപുരം ജില്ലാ ഓര്‍ഗ.സെക്രട്ടറി ജാസിം കല്ലമ്പലത്തെ ഇക്കാര്യമറിയിച്ചു. ദുബൈ എയര്‍പോര്‍ട്ടിലെ കെഎംസിസി വളണ്ടിയര്‍ ആലംഷാ ലത്തീഫിനെ ഏര്‍പ്പാടാക്കിയതനുസരിച്ച് ഷാജഹാന് ഭക്ഷണത്തിനും മറ്റുമായി പണം എത്തിച്ചു നല്‍കി. തുടര്‍ന്നാണ്, ശനിയാഴ്ച വൈകുന്നേരത്തോടെ അടുത്ത വിമാനത്തില്‍ ഷാജഹാന് നാടണയാനായത്.