ഷറഫുദ്ദീന്റെ ഇടപെടല്‍; പേരാമ്പ്ര സ്വദേശിനി നാടണഞ്ഞു

57
കുവൈത്ത് അദാന്‍ ആശുപത്രിയില്‍ അര്‍ധ ബോധാവസ്ഥയില്‍ കഴിയുകയായിരുന്ന പേരാമ്പ്ര സ്വദേശിനി നഫീസയെ സ്‌ട്രെ്ച്ചറില്‍ നാട്ടിലെത്തിക്കാനായി പ്രത്യേകം സൗകര്യപ്പെടുത്തിയ ചാര്‍ട്ടര്‍ വിമാനത്തിനകത്തേക്ക് കയറ്റുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള ഇടപെടല്‍ മൂലം ആറു മാസത്തിലധികമായി കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ അര്‍ധ ബോധാവസ്ഥയില്‍ കഴിയുകയായിരുന്ന പേരാമ്പ്ര സ്വദേശിനി നഫീസയെ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു.
കുവൈത്തിലുള്ള മക്കളുടെയടുത്ത് സന്ദര്‍ശക വിസയിലെത്തിഉംറക്ക് പോയി തിരിച്ചു വന്ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് നഫീസയെ 2019 ഡിസംബര്‍ അവസാനത്തില്‍ അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു മാസത്തിലധികമായി അദാന്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ഐസിയുവിലും അര്‍ധ ബോധാവസ്ഥയില്‍ വാര്‍ഡിലുമായി കഴിഞ്ഞ ഇവര്‍ കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂരിലേക്ക് ചാര്‍ട്ടര്‍ ചെയ്ത കുവൈത്ത് എയര്‍വേസിന്റെ വിമാനത്തില്‍ നാട്ടിലേക്ക് യാത്രയായി.
അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ കുവൈത്ത് കെഎംസിസി എല്ലാവിധ സൗകര്യവും ചെയ്തു കൊടുത്തിരുന്നു. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്ര തുടങ്ങി മറ്റു കുവൈത്ത് കെഎംസിസി നേതാക്കള്‍ ഇവരെആശുപത്രില്‍ പല തവണ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ എംബസിയുടെ സഹകരണം ഉറപ്പ് വരുത്തുകയും നാട്ടിലെത്തിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തി വരികയുമായിരുന്നു. എന്നാല്‍, ഇവരെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള അവസ്ഥയിലായിരുന്നില്ല അപ്പോള്‍. നാട്ടില്‍ നിന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഡോ. എം.കെ മുനീര്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ കെഎംസിസി പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്തിനെ ബന്ധപ്പെട്ട് ്ഇവര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട്, ആരോഗ്യ സ്ഥിതി കുറച്ച് മെച്ചപ്പെട്ടപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്ത് നാട്ടില്‍ കൊണ്ടു പോകാന്‍ ഷറഫുദ്ദീന്‍ ഇടപെട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം വിമാന സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ നടന്നില്ല.
പിന്നീട്, വന്ദേ ഭാരത് വിമാനത്തില്‍ ഇവരെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ സ്‌ട്രെച്ചര്‍ കയറ്റാനുള്ള സൗകര്യമൊരുക്കാനാവില്ലെന്ന് അറിയിച്ചതിനാല്‍ വീണ്ടും കാത്തിരിപ്പ് തുടര്‍ന്നു.
ശേഷം, സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തയക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മുതല്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഷറഫുദ്ദീന്‍ കണ്ണേത്ത് തുടര്‍ന്ന് കൊണ്ടിരുന്നു. കെഎംസിസിയുടെ ആദ്യ വിമാന സര്‍വീസ് നടത്തിയ ഇന്‍ഡിഗോയിലും സൗകര്യമില്ലാത്തതിനാല്‍ അദ്ദേഹം കുവൈത്ത് എയര്‍വേസുമായി ബന്ധപ്പെടുകയും ഇതിനാവശ്യമായ പത്തോളം സീറ്റുകളുടെ സൗകര്യത്തോടെ സമ്മതിക്കുകയും ചെയ്തു. പിന്നീട്, കുവൈത്ത് എയര്‍വേസ് ചാര്‍ട്ടര്‍ ചെയ്ത് നഫീസയെ നാട്ടിലെത്തിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഷറഫുദ്ദീിന്റെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള നേതൃപരമായ നിരന്തര ഇടപെടലാണ് ഇന്ന് ഒരു കുടുംബത്തിന്റെ ദു:ഖത്തിന് അറുതി വരുത്തിയത്. ഇക്കാര്യത്തില്‍ കുവൈത്ത് എയര്‍വേസ് മാനേജ്‌മെന്റിന്റെ സഹകരണം വളരെ വലുതാണ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് പേപ്പര്‍ പൂര്‍ത്തിയാക്കി കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ നാട്ടില്‍ എത്തിക്കാനായുള്ള ശ്രമങ്ങള്‍ ഷറഫുദ്ദീന്‍ നടത്തുകയും വിമാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയും ആവശ്യമായ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച രാവിലെ അവര്‍ നാട്ടിലേക്ക് പുറപ്പെട്ടു. അവരുടെ കൂടെ പോകാനുള്ള നഴ്‌സിനെയും കണ്ടെത്തിയതും ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ ശ്രമഫലമായി തന്നെയാണ്. കൊച്ചിയിലേക്ക് പോകേണ്ടവരായിട്ടും കോഴിക്കോട്ടേക്ക് യാത്രക്കൊരുങ്ങിയ നഴ്‌സിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഷറഫുദ്ദീന്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം വിമാനത്തില്‍ ആവശ്യമായ സക്ഷന്‍ മെഷീന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് കൈമാറിയിരുന്നു.
ഇവരുടെ യാത്രാ ചെലവ് ഇന്ത്യന്‍ എംബസിയും കുവൈത്ത് കെഎംസിസിയും ജിസിസി കെഎംസിസി പേരാമ്പ്ര കൂട്ടായ്മയുമാണ് പ്രധാനമായും വഹിച്ചത്. കുവൈത്ത്-പേരാമ്പ്ര മണ്ഡലം കമ്മിറ്റിയും വിസ്ഡം പേരാമ്പ്രയും സഹായം ചെയ്തിരുന്നു. മുന്‍ ഇന്ത്യന്‍ അംബാസഡറുമായി പല തവണ ഷറഫുദ്ദിന്‍ കണ്ണേത്ത് സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എംബസിയുടെ സാമ്പത്തിക സഹായവും നേടിയെടുക്കാനായത്. കുവൈത്ത് കെഎംസിസി ജന.സെക്രട്ടറിയും പേരാമ്പ്ര സ്വദേശിയുമായ എം.കെ അബ്ദുല്‍ റസാഖ്, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഫാസില്‍ കൊല്ലം, മെഡിക്കല്‍ വിംഗ് ജന.കണ്‍വീനര്‍ ഡോ. അബ്ദുല്‍ ഹമീദ്, കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി ഡോ. മുഹമ്മദലി, കണ്ണൂര്‍ കല്യാശേരി മണ്ഡലം ജന.സെക്രട്ടറി ബാദുഷ, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള, ജന.സെക്രട്ടറി നിസാര്‍ പേരാമ്പ്ര, കുവൈത്തിലെ പേരാമ്പ്ര മണ്ഡലം പ്രധാന പ്രവര്‍ത്തകരെല്ലാം ഇടപെട്ട് സഹകരിച്ചു. നാട്ടില്‍ നിന്നും ജില്ലാമണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ സിപിഎ അസീസ് മാസ്റ്റര്‍, എസ്.കെ അസൈനാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നിരന്തരം ഇടപെട്ടിരുന്നു.