യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്: ശക്തമായി പ്രതിഷേധിക്കുന്നു -എളേറ്റില്‍

70
ഇബ്രാഹിം എളേറ്റില്‍

ദുബൈ: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിനിഷ്ഠുരമായ നരനായാട്ടിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പല വമ്പന്‍ സ്രാവുകളെയും രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ പിണറായി വിജയന് പക കൊണ്ട് കണ്ണു കാണാത്ത സ്ഥിതിയാണിപ്പോള്‍. അതിന്റെ ഭാഗമായാണ് യാതൊരു പ്രകോപനവുമില്ലാതെ സമരം നടത്തിയ ഈ യുവാക്കളെ മര്‍ദിച്ചവശരാക്കിയത്. ഇത് തീര്‍ത്തും ജനാധിപത്യ വിരുദ്ധവും അനീതി നിറഞ്ഞതുമാണ്. കേരളത്തിലെ പൊതുസമൂഹത്തിന്റെ മന:സാക്ഷിക്കനുസരിച്ച് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തവരെ തല്ലിച്ചതച്ച പൊലീസ് നടപടി അത്യന്തം ഹീനമാണ്. ഇത്തരം ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാറിന്റെ ഭാവമെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.