പൂന്തുറയില്‍ സ്ഥിതി ഗുരുതരം 46 പേര്‍ക്ക് സമ്പര്‍ക്കബാധ

    തിരുവനന്തപുരം:ജില്ലക്ക് നേരിയ ആശ്വാസമായി പ്രതിദിന കോവിഡ് സ്ഥിരീകരണത്തില്‍ കുറവ്. 69 പേര്‍ക്കാണ് ഇന്നലെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതില്‍ 46 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് എന്നത് ആശങ്കയുണ്ടാക്കുന്നു.അതിനുപുറമെ എവിടെനിന്ന് ബാധിച്ചു എന്നറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുകയാണ്.ജില്ലയിലെ ഒന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിനായി നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ്, സോഷ്യല്‍ മീഡിയ പ്രചാരണം, മാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ എന്നിവ നടത്തുന്നു.കണ്ടെയിന്‍മെന്റ് പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു, പൊലീസ്, ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. ഇതുവരെ പൂന്തുറയില്‍ 1366 ആന്റിജെന്‍ പരിശോധന നടത്തി. അതില്‍ 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുകയാണ്. അവിടെ 150 കിടക്കകളുള്ള ഒരു ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അടിയന്തര പ്രാധാന്യത്തോടെ സജ്ജമാക്കും.