പ്രാദേശിക ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് പ്രാമുഖ്യം: ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ യുഎഇ ഉല്‍പന്ന മേളക്ക് തുടക്കം

22

അബുദാബി: പ്രാദേശിക ഉല്‍പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണക്കാനായി യുഎഇയിലെ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും ‘എമിറേറ്റ്‌സ് ഫസ്റ്റ്’ ആരംഭിച്ചു.
അബുദാബി എകണോമിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഷൊര്‍ഫ, ദുബൈ എകണോമിക് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി, അബുദാബി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ സയ്യിദ് അല്‍ ആംറി, ദുബൈ ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ ബുഷാബ് എന്നിവര്‍ സംയുക്തമായാണ് വെര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയും സന്നിഹിതനായിരുന്നു.
രാജ്യത്തിനകത്ത് മാത്രമല്ല, ജിസിസി തലത്തിലും പ്രാദേശിക ഉല്‍പന്നങ്ങള്‍ ഒരു വലിയ ഉപയോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യാന്‍ സഹായകരമാകുമെന്ന് അബുദാബി എകണോമിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അലി ഷോര്‍ഫ പറഞ്ഞു. യുഎഇയുടെ സമ്പദ് വ്യവസ്ഥയെ സഹായിക്കാനും രാജ്യത്തെ കാര്‍ഷിക മേഖലയെ വികസിപ്പിക്കാനും ലുലു ഗ്രൂപ്പിന്റെ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശിക ഉല്‍പന്നങ്ങളെ പിന്തുണക്കാന്‍ ലുലു ഗ്രൂപ് വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഭക്ഷ്യ സുരക്ഷയും പ്രാദേശിക ഉല്‍പന്നങ്ങളുടെ പിന്തുണയും ദുബൈ എമിറേറ്റിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണെന്ന് ദുബൈ എകണോമിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി പറഞ്ഞു. ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ ആഭിമുഖ്യത്തിലുള്ള പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് നല്‍കി വരുന്ന ഈ സംരഭം പ്രാദേശിക ഭക്ഷ്യ മേഖലയെ പിന്തുണക്കുന്നു. ഇത് സുസ്ഥിര കൃഷിയുടെ പുനരധിവാസത്തിലൂടെ യുഎഇയുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഉല്‍പാദനത്തെ പിന്തുണക്കുന്നതിലും വിപണനം ചെയ്യുന്നതിലും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിലും യുഎഇ നേതൃത്വം വളരെ പ്രധാന്യം നല്‍കുന്നുണ്ടെന്ന് അബുദാബി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ സമി അല്‍ ആംറി പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാക്കാനായി ലുലു ഹൈപര്‍ മാര്‍ക്കറ്റുമായി വര്‍ഷങ്ങളായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വിപണനത്തില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളുടെ പങ്കാളിത്തത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. പ്രാദേശിക കര്‍ഷകര്‍ക്കും ഉലപന്നങ്ങള്‍ക്കും കൂടുതല്‍ പ്രാമുഖ്യം ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കാനായി ഇത്തരത്തിലുള്ള കൂടുതല്‍ മേളകള്‍ സംഘടിപ്പിക്കുമെന്നും യൂസുഫലി പറഞ്ഞു.
ലുലു ഹൈപര്‍ മാര്‍ക്കറ്റ് നിരവധി പ്രാദേശിക കമ്പനികളുമായും കര്‍ഷകരുമായും നേരിട്ട് ബന്ധപ്പെട്ട് അവരുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനും പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ നിന്ന് ആവശ്യമായ പിന്തുണയും നല്‍കുന്നു. ഇത് ഭിന്നശേഷിക്കാരായ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ വഴി ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ വിപണനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ യുഎഇയുടെ വിവിധ ഉല്‍പന്നങ്ങള്‍ ലുലു ബ്രാന്‍ഡില്‍ വിവിധ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.