നിഷാദ് ഫുജൈറ
അധരങ്ങളില്‍ ദൈവ കീര്‍ത്തനത്തിന്റെ മന്ത്ര ധ്വനികളുമായി ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍. മാനവ ചരിത്രത്തിലെ ധീരോദാത്തമായ ഒരധ്യായത്തിന്റെ സ്മൃതി നികുഞ്ജങ്ങള്‍ തിരിച്ചു പിടിക്കുകയാണ് അവരിന്ന്. ബലിപെരുന്നാളിന്റെ ആചാര്യ പദവിയിലുള്ളത് ഇബ്‌റാഹീം പ്രവാചകന്റെ ജീവിതമാണ്. ആ ജീവിതമാസകലം മാതൃകാ ഭരിതമാണ്. ദൈവത്തോടുള്ള സമ്പൂര്‍ണമായ സമര്‍പ്പണം, മാനവികതയോടുള്ള വിനീത ജാഗ്രത. ഈ ദ്വന്ദങ്ങളുടെ സമീകൃത സംഗമമായിരുന്നു ഇബ്‌റാഹീമീ ജീവിതം.
വിശ്വാസ ബോധ്യങ്ങളെ പ്രതി ഏറ്റുവാങ്ങിയ സഹന തീക്ഷ്ണതയും അപ്പോഴും ജ്വലിപ്പിച്ചു നിര്‍ത്തിയ പ്രമാണ പരിശുദ്ധിയും അദ്ദേഹത്തെ പ്രപഞ്ച സ്രഷ്ടാവിന്റെ ആത്മ സൗഹൃദത്തിലേക്ക് വാഴ്ത്തി നിര്‍ത്തി. അങ്ങനെ സ്രഷ്ടാവിനോടുള്ള ആത്മ സൗഹൃദം സ്വന്തപ്പെടുത്തുകയാണ് ഏതൊരു വിശ്വാസിയുടെയും പ്രഥമം.
നംറൂദ് ഒരു പ്രതീകമാണ്. ദൈവത്തിന്റെ ഭൂമിയില്‍ പുലരേണ്ട അവന്റെ നീതി സാരങ്ങളെ മറിച്ചെറിയാന്‍ ഉത്തോലകം തിരയുന്ന ക്ഷുദ്ര ജീവികള്‍. കാലത്രയത്തിന്റെ എല്ലാ രാശിയോഗങ്ങളിലും നംറൂദുമാര്‍ അധികാര പ്രമത്തതയുടെ അംശവടികളുമായി പ്രത്യക്ഷപ്പെടും. അവയെ തകര്‍ത്തും ഒടിച്ചെറിഞ്ഞും സ്രഷ്ടാവിന്റെ ഋജുരാശികള്‍ തേടിപ്പോകാനുള്ള ആത്മബോധമാണ് ഇബ്‌റാഹീമില്‍ നിന്നും വിശ്വാസികള്‍ സമാഹരിക്കേണ്ടത്.
ഇബ്‌റാഹീം ഇടനെഞ്ചില്‍ കോര്‍ത്തു നിര്‍ത്തിയത് തൗഹീദ് തന്നെയായിരുന്നു. സ്വാര്‍ത്ഥങ്ങള്‍ക്ക് മേയാനുള്ള കറുകപ്പാടങ്ങളല്ല ഇബ്‌റാഹീമീ പ്രമാണ സുഭഗതയുടെ പ്രകാശ മണ്ഡലം. ഒട്ടകം വിഴുങ്ങികളായ ഇത്തരം സാര്‍ത്ഥംഭരികളോടായിരുന്നു ഇബ്‌റാഹീം എന്നും കലഹിച്ചതും പട കൂട്ടിയതും. ഈ കലഹത്തിലും പടപ്പറമ്പിലും ഒത്തുതീര്‍പ്പുകളില്ല. അതില്‍ വന്നുചേരുന്ന സര്‍വ ചേതങ്ങളും ലാഭത്തിന്റെ പെരുക്കപ്പട്ടികയില്‍ വിശ്വാസി വരവാക്കണം.
മനുഷ്യരെല്ലാം ആരാധിക്കേണ്ടത് സ്രഷ്ടാവിനെ മാത്രമാണ്. അഭൗതികമായ നന്മയോ തിന്മയോ പ്രതീക്ഷിച്ചു കൊണ്ട് ആരുടെ മുന്നിലും തല കുനിക്കരുത്. ഇത്രയേ ഇബ്‌റാഹീം പറയാന്‍ ശ്രമിച്ചുള്ളൂ. അപ്പോഴേക്കും, മുന്നില്‍ വരുന്നത് പൗരത്വ നഷ്ടവും കങ്കാള ശിക്ഷകളുമാണ്. ഇത് ഇബ്‌റാഹീമി മില്ലത്തിന്റെ ഭൂതകാലം മാത്രമല്ല. വര്‍ത്തമാനവും ഭാവിയും കൂടിയാണ്. എപ്പോഴാണ് നിങ്ങള്‍ സ്രഷ്ടാവിന് സമര്‍പ്പിതമാകുന്നത്, അപ്പോള്‍ നിങ്ങള്‍ നംറൂദിനെ കണ്ടു മുട്ടും. ആസ്വിറിനാല്‍ തിരസ്‌കൃതനാകും. അന്ന് നിങ്ങള്‍ പലായനത്തിന്റെ ചുട്ടു പൊള്ളുന്ന മലമ്പാതകള്‍ താണ്ടേണ്ടി വരും. കനത്ത നഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും. സമ്പത്ത്, സമ്പാദ്യം, കുടുംബം, ജീവിതോപാധി, മക്കള്‍, സ്വന്തത്തെ പോലും. അപ്പോഴേ നാം ഇബ്‌റാഹീം മില്ലത്തില്‍ എത്തുകയുള്ളൂ.
പ്രതികൂലതകളുടെ കഠോര പ്രതലങ്ങള്‍ എങ്ങനെയാണോ ഇബ്‌റാഹീം ശയ്യാ ഗൃഹമാക്കിയത് അത് നമുക്കും സാധ്യമാണ്. തന്റെ വിശ്വാസത്തിലും ആദര്‍ശത്തിലും ഉള്‍ച്ചേര്‍ന്നു കിടക്കുന്ന ഭരമേല്‍പ്പിക്കല്‍ (തവക്കുല്‍) ഒരു വിശ്വാസിക്ക് നല്‍കുന്ന മനക്കരുത്ത് പറഞ്ഞറിയിക്കാനാവാത്തത്ര ശക്തമാണ്.
സ്വന്തം ജീവിതത്തിന്റെ അപരാഹ്നത്തിലാണ് അദ്ദേഹം പിതാവാകുന്നത്. ആ വൃദ്ധ പിതാവും വാരിളം ബാല്യവും ഏകാന്ത ശൂന്യമായ കല്ലുമലകള്‍ക്കിടയില്‍ മനുഷ്യ മഹാ കുലത്തിനായി ഒരു ആലയം പണിയുന്നു. അതിന്റെ അങ്കണത്തുറവിയില്‍ വെച്ച് അദ്ദേഹം നടത്തുന്ന കാതരമായൊരു പ്രാര്‍ത്ഥനയുണ്ട്:
എന്റെ നാഥാ, ഈ നിര്‍മിതി നീ സ്വീകരിക്കേണമേ. എന്റെയീ ദേശത്തെ നീ നിര്‍ഭയവും സമൃദ്ധിയും മേവുന്ന ഒരു മാതൃകാ ദേശമാക്കേണമേ.
ഈ പ്രാര്‍ത്ഥന ഏറെ പ്രധാനമാണ്. ദാരിദ്യവും രോഗവും ഭയവും മാനവികതക്ക് മേല്‍ ഭീഷണിയായി നില്‍ക്കുന്ന വര്‍ത്തമാന കാലത്ത് സഹസ്രാബ്ധങ്ങള്‍ക്കപ്പുറം ഈ പ്രവാചകന്‍ നടത്തിയ പ്രാര്‍ത്ഥന പ്രധാനം തന്നെയാണ്. ഇത് കേവലമായ പ്രാര്‍ത്ഥനയല്ല. പ്രവര്‍ത്തനം ആവശ്യപ്പെടുന്ന പ്രാര്‍ത്ഥനയാണ്. ഈ പ്രവര്‍ത്തനമാണ് ഇബ്‌റാഹീമി മില്ലത്ത്. ഏതൊരു നിര്‍ഭയത്വവും സമൃദ്ധിയുമാണോ കഅ്ബാ പ്രാന്തത്തില്‍ ഇബ്‌റാഹീം ആഗ്രഹിച്ചത്, അത് സര്‍വ മാനവിക സമൂഹത്തിനും ലഭ്യമാവാന്‍ നിരന്തരമായ പ്രവര്‍ത്തനത്തില്‍ മുഴുകാന്‍ വിശ്വാസികള്‍ക്ക് മാതൃകയുണ്ട്. അപ്പോഴാണയാള്‍ ഇബ്‌റാഹീമി മില്ലത്തില്‍ കണ്ണി ചേരുക. ഈ നിരന്തര പ്രവര്‍ത്തനത്തിന്റെ ഓര്‍മപ്പെടുത്തലാണ് ബലിപെരുന്നാള്‍.
