നൂറ്റാണ്ടിന്റെ ചരിത്ര ഗോപുരം പുനരുദ്ധരിച്ച് റാക് പുരാവസ്തു വകുപ്പ്

  ആഷിക്ക് നന്നംമുക്ക്‌
  റാസല്‍ഖൈമ: എമിറേറ്റിലെ ചരിത്ര പ്രസിദ്ധമായ ഒരു കാവല്‍ ഗോപുരത്തിന്റെ പുനരുദ്ധാരണം റാസല്‍ഖൈമ പുരാവസ്തു വകുപ്പ് വിജയകരമായി പൂര്‍ത്തിയാക്കി. പുരാതന തീര ഗ്രാമമായ ജസീറ അല്‍ഹംറക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഈ കാവല്‍ ഗോപുരം നൂറു വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. മത്സ്യ ബന്ധനത്തിനും കടലില്‍ നിന്ന് മുത്തു വാരാനും വഞ്ചി നിര്‍മാണത്തിനും പേരു കേട്ട ഈ മേഖലയുടെ പ്രതിരോധ സുരക്ഷയില്‍ ഈ ഗോപുരം നിര്‍ണായക പങ്ക് വഹിച്ചിരുന്നതായി കരുതി വരുന്നു.
  പരമ്പരാഗത രീതിയില്‍ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ കാവല്‍ ഗോപുരം നിര്‍മിച്ചിരിക്കുന്നത്. പവിഴപ്പാറകള്‍, കടല്‍ത്തീരത്ത് കാണപ്പെടുന്ന പാറക്കല്ലുകള്‍, കണ്ടല്‍ച്ചെടിയുടെ തടി, പനയോലകള്‍ എന്നിവയാല്‍ നിര്‍മിച്ച ഈ ഗോപുരം കടല്‍ക്കരയിലെ മണല്‍ക്കൂനകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. കര മാര്‍ഗത്തിലൂടെയുള്ള ആക്രമണങ്ങളില്‍ നിന്ന് ജസീറ അല്‍ഹംറയിലെ കിണറുകളുടെയും ഗ്രാമത്തിന്റെയും സംരക്ഷണം ഈ കാവല്‍ ഗോപുരം ഉറപ്പാക്കിയിരുന്നു.
  ജസീറ അല്‍ഹംറ മേഖലയുടെ വികസനം ആരംഭിച്ച 1950കളിലാണ് ഈ ഗോപുരത്തിന്റെ പ്രതിരോധ സുരക്ഷയിലുള്ള പങ്കിനെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. തകര്‍ന്നടിയാന്‍ ആരംഭിച്ച ഈ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരാവസ്തു വകുപ്പ് ഈ വര്‍ഷം ഏപ്രിലിലാണ് ആരംഭിച്ചത്. പരമ്പരാഗത നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചാണ് വിദഗ്ധ തൊഴിലാളികള്‍ ഈ ചരിത്ര സ്മാരകത്തിന്റെ ഭിത്തികള്‍ വീണ്ടും ബലപ്പെടുത്തിയത്.


  പരമ്പരാഗത ചുമര്‍ നിര്‍മാണ പ്രക്രിയ പലപ്പോഴും കെട്ടിടത്തിന്റെ പലയിടങ്ങളിലും വിടവുകള്‍ സൃഷ്ടിക്കാറുണ്ട്. ഈ കാവല്‍ ഗോപുരവും ഇത്തരത്തില്‍ പണി തീര്‍ത്തതാണ്. ഇതുകൊണ്ടാണ് ഗോപുരത്തിന്റെ ചുമരുകള്‍ ഭാഗികമായി ഇടിയാനിടയായതെന്ന് പുരാവസ്തു വകുപ്പ് മേധാവി അഹ്മദ് ഹിലാല്‍ അഭിപ്രായപ്പെട്ടു. ആദ്യം ഉണ്ടായിരുന്ന നിര്‍മാണ പ്രക്രിയയെ അതുപോലെ അവതരിപ്പിക്കാനായി ആധുനിക നിര്‍മാണ വസ്തുക്കളോ രാസപദാര്‍ത്ഥങ്ങളോ തീര്‍ത്തും ഒഴിവാക്കിയാണ് ഗോപുരം പുനരുദ്ധാരണം നടത്തിയത്. കാവല്‍ ഗോപുരത്തിന്റെ ചരിത്രപരമായ പൂര്‍ണത്വം നിലനിര്‍ത്തുക എന്നതും ഇതിന് കാരണമായി -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  ഏകദേശം ഒരു മാസത്തെ പ്രവര്‍ത്തനങ്ങളാണ് ഈ ഗോപുരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വേണ്ടി വന്നത്. ഗോപുരത്തിന്റെ മേല്‍ക്കൂര, വാതിലുകള്‍, കുമ്മായപ്പണി എന്നിവയിലും അറ്റകുറ്റപണികള്‍ നടത്തിയിട്ടുണ്ട്.
  11.9 മീറ്റര്‍ ഉയരമുള്ള ഈ കാവല്‍ ഗോപുരം പരമ്പരാഗത പ്രതിരോധ നിര്‍മിതികളുടെ ശ്രേഷ്ഠമായ പ്രതിനിധിയാണ്. ഇത് പുനരുദ്ധാരണം ചെയ്യുന്നതിലൂടെ റാസല്‍ഖൈമയുടെ വില മതിക്കാനാവാത്ത പൈതൃകം വരുംതലമുറക്കായി സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് അഹ്മദ് ഹിലാല്‍ വ്യക്തമാക്കി. താമസിയാതെ ഈ ചരിത്ര സ്മാരകം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതാണ്.