റാക് കെഎംസിസി വനിതാ വിംഗ് ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നു

    526

    റാസല്‍ഖൈമ: റാസല്‍ഖൈമ കെഎംസിസി വനിതാ വിംഗ് ചാര്‍ട്ടേഡ് വിമാനം റാക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് പറന്നുയര്‍ന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും തുടങ്ങി 175 യാത്രക്കാരുമായാണ് വെള്ളിയാഴ്ച വിമാനം പുറപ്പെട്ടത്. കോവിഡ് കാലത്ത് റാസല്‍ഖൈമ കെഎംസിസിയുടെ പ്രവര്‍ത്തനത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത് കെഎംസിസി വനിതാ വിഭാഗമായിരുന്നു. ”പ്രയാസകരമായ സാഹചര്യത്തില്‍ ഞങ്ങള്‍, സ്ത്രീകളുടെ ഏറ്റവും വലിയൊരു ദൗത്യമാണ് ഇവിടെ പൂര്‍ത്തിയായത്. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 175 യാത്രക്കാരെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ സാധിച്ചത് മഹത്തായ കാര്യമായി കാണുന്നു” -വനിതാ വിംഗ് പ്രസിഡന്റ് ജുമാന കരീം പറഞ്ഞു. ജന.സെക്രട്ടറി സൗദ അയ്യൂബ്, ട്രഷറര്‍ സഫിയ സലാം, ഓര്‍ഗ.സെക്രട്ടറി ഷംസാദ റഹീം, സാജിറ റഫീഖ്, റീന അക്ബര്‍, ഷബ്‌ന നസീര്‍, സിംന റഫീഖ്, ഷഹനാസ്, ഷിറിന്‍ നേതൃത്വം നല്‍കി.

    യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി നിസാര്‍ തളങ്കര, സെക്രട്ടറി പി.കെ.എ കരീം, റാസല്‍ഖൈമ കെഎംസിസി പ്രസിഡന്റ് ബഷീര്‍ കുഞ്ഞ്, ജന.സെക്രട്ടറി സൈതലവി തായാട്ട്, ട്രഷറര്‍ താജുദ്ദീന്‍ മര്‍ഹബ എന്നിവര്‍ യാത്രക്കാര്‍ക്ക് യാത്രാമംഗളവും വലിയൊരു ദൗത്യം പൂര്‍ത്തീകരിച്ച വനിതാ വിംഗിന് അഭിനന്ദനങ്ങളും അറിയിച്ചു. വിവിധ ജില്ലാ-മണ്ഡലം-ഏരിയാ നേതാക്കള്‍, പ്രവര്‍ത്തകര്‍, വളണ്ടിയര്‍ വിംഗ് സന്നിഹിതരായിരുന്നു.