പ്രവാസികള്‍ക്ക് ആശ്വാസ സന്ദേശമെത്തി; ചാര്‍ട്ടേഡ് വിമാനങ്ങള്‍ 10ന് പറക്കും

    1240

    അബുദാബി: പ്രവാസികളെ തേടി ആശ്വാസ സന്ദേശം വീണ്ടും കടല്‍കടന്നെത്തി. ഒന്നിനു പിറകെ മറ്റൊന്നായി കടലോളം ആശങ്കകളുമായി കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ വീണ്ടും പറക്കും. ഇതുസംബന്ധിച്ച കേന്ദ്ര വ്യോമ യാന മന്ത്രാലയത്തിന്റെ അനുമതി സന്ദേശം എയര്‍ലൈനുകള്‍ക്ക് ലഭിച്ചു കഴിഞ്ഞു.
    യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ അബുദാബി സംസ്ഥാന കെഎംസിസിയുടെ ഇത്തിഹാദ് എയര്‍വേസ് ചാര്‍ട്ടേഡ് വിമാനം ജൂലൈ 10ന് കോഴിക്കോട്ടേക്ക് പറക്കുമെന്ന് പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍ പറഞ്ഞു. ഈ വിമാനം ശനിയാഴ്ച പുറപ്പെടേണ്ടതായിരുന്നു.
    ശനിയാഴ്ച മുതല്‍ പോകേണ്ട വേറെയും പല വിമാനങ്ങളും റദ്ദാക്കേണ്ടി വന്നിരുന്നു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച വാര്‍ത്ത പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയും കടുത്ത മാനസിക സംഘര്‍ഷത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
    ഇത്തിഹാദ് എയര്‍വേസ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ എന്നീ യുഎഇ ദേശീയ വിമാനങ്ങള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനായി കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിക്കൊണ്ടുള്ള അറിയിപ്പുണ്ടായത്. ഏതായാലും അഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറക്കുമെന്ന വാര്‍ത്ത ഏറെ ആശ്വാസമാണ് പ്രവാസികള്‍ക്ക് പകര്‍ന്നിട്ടുള്ളത്.