സഅദിയ്യയുടെ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ 180 ഇന്ത്യക്കാര്‍ നാടണഞ്ഞു

75

ദുബൈ: കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ തണലൊരുക്കി ജാമിഅഃ സഅദിയ്യ അറബിയ ഒരുക്കിയ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ 180 ഇന്ത്യക്കാര്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങി. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ച് സഅദിയ ദുബായ് കമ്മിറ്റി ഒരുക്കിയ രണ്ടാമത്തെ സംഘമാണ് നാടണഞ്ഞത്. സംഘത്തില്‍ 20 സ്ത്രീകള്‍, 4 കുട്ടികള്‍, 30 വിസിറ് വിസക്കാര്‍, 25 ജോലി നഷ്ടപ്പെട്ടവര്‍, 8 പ്രായമായവരടക്കം കേരളത്തിലെയും കര്‍ണാടകത്തിലെയും പ്രവാസികളാണ് ഉണ്ടായിരുന്നത്.
പ്രയാസമനുഭവിക്കുന്ന ഏതാനും പേരെ സൗജന്യമായും കൊണ്ടുപോയി.
യാത്രക്കാവശ്യമായ പിപിഇ കിറ്റുകള്‍, ഭക്ഷണം, വെള്ളം അടങ്ങിയ ബാഗും തികച്ചും സൗജന്യമായി നല്‍കി സഅദിയ്യ പ്രവാസികളുടെ സ്‌നേഹ കരുതലായി മാറി. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സഅദിയ്യ ഭാരവാഹികളായ സയ്യിദ് താഹ ബാഫഖി തങ്ങള്‍, അമീര്‍ ഹസ്സന്‍, അഹ്മദ് മുസ്‌ല്യാര്‍ മേല്‍പറമ്പ്, മുനീര്‍ ബാഖവി, സലാം ബംബ്രാണ, നാസിക് മാങ്ങാട്, അന്‍വര്‍ നെല്ലിക്കുന്ന്, ഷഫീഖ് പുറത്തീല്‍, ഷാജഹാന്‍, ഹകീം ഹാജി, നദവി ഉസ്താദ് തുടങ്ങിയവര്‍ സംഘത്തെ യാത്രയാക്കി.
സഅദിയ്യയുടെ സ്‌നേഹ ചിറകിലേറി നാട്ടിലെത്തിയവര്‍ക്ക് ജാമിയ സഅദിയ്യ അറബിയ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ നിര്‍ദേശപ്രകാരം കാസര്‍കോട് സഅദിയ്യ ലോഡ്ജില്‍ ക്വാറന്റീന്‍ സൗകര്യവും കര്‍ണാടകത്തിലേക്കുള്ള 36 യാത്രക്കാര്‍ക്ക് പ്രത്യേക ബസ്സും ഏര്‍പ്പെടുത്തിയിരുന്നു. ദക്ഷിണ മംഗലാപുരത്തേക്കുള്ള പ്രഥമ വിമാനം ജൂലൈ 4നു പുറപ്പെടും.