ഒരേ സ്‌പോണ്‍സര്‍ക്ക് കീഴില്‍ 41വര്‍ഷം; പ്രവാസം നിര്‍ത്തി കുഞ്ഞിമോന്‍ എരമംഗലം നാടണയുന്നു

കുഞ്ഞിമോന്‍ എരമംഗലം

ദുബൈ: ഒട്ടേറെ അപൂര്‍വതകളുള്ള പ്രവാസ ജീവിതം മതിയാക്കി കുഞ്ഞിമോന്‍ എരമംഗലം നാട്ടിലേക്ക് മടങ്ങുന്നു. മലപ്പുറം പുത്തന്‍പള്ളിക്കടുത്തുള്ള എരമംഗലം സ്വദേശിയായ, നാട്ടുകാരുടെയും സുഹൃദ്‌വൃത്തങ്ങളുടെയും പ്രിയപ്പെട്ട കുഞ്ഞിമോന്‍ക്ക ഏറെ വിഷമത്തോടെയാണ് പ്രവാസം മതിയാക്കുന്നത്. ദുബൈയുടെ നാലു പതിറ്റാണ്ടിന്റെ വളര്‍ച്ച നോക്കിക്കണ്ടയാളെന്ന നിലയിലുള്ള ഒട്ടേറെ അനുഭവങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കുഞ്ഞിമോന്‍ക്ക, ഈ പോറ്റമ്മ നാടിന്റെ സ്‌നേഹക്കരുതലില്‍ നിന്ന് അകലുന്നല്ലോയെന്ന ഒറ്റ വിഷമം മാത്രമേയുള്ളൂവെന്ന് പറഞ്ഞു കൊണ്ടാണ് മടങ്ങുന്നത്.
പ്രമുഖമായ അല്‍മത്‌റൂഷി കുടുംബത്തില്‍ 1981ല്‍ വീട്ടുജോലിയില്‍ 21-ാം വയസിലാണ് കുഞ്ഞിമോന്‍ നിയമിതനാകുന്നത്. അന്നു മുതല്‍ ഇന്നു വരെ ആ വീട്ടില്‍ ഇദ്ദേഹമുണ്ട്. അവിടത്തെ ഒരംഗത്തെ പോലെയാണ് ഈ ഇമാറാത്തി കുടുംബം അദ്ദേഹത്തെ കാണുന്നത്. അതുകൊണ്ട്, പിരിഞ്ഞു പോകുമ്പോള്‍ അവര്‍ക്കും വിഷമമുണ്ട്.
ഒരേ സ്‌പോണ്‍സര്‍ക്ക് കീഴില്‍ 41 വര്‍ഷം ജോലിയെടുത്തുവെന്നതും അതിനിടക്ക് ഒരിക്കല്‍ പോലും മോശമായ പെരുമാറ്റമോ സംസാരമോ പരിഭവമോ ഉണ്ടായിട്ടില്ലെന്നതും തന്റെ പ്രവാസ ജീവിതത്തില്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന കാര്യമാണെന്ന് കുഞ്ഞിമോന്‍ക്ക പറയുന്നു.
കുടുംബത്തിലെ പല അംഗങ്ങളും വെവ്വേറെ വീടുകളിലാണ് ഇപ്പോള്‍ താമസമെങ്കിലും അവരെല്ലാം ഇന്നും ഇദ്ദേഹവുമായി ബന്ധപ്പെടുന്നു. അറബ് പൗര പ്രമുഖനായിരുന്നു ഈ കുടുംബത്തിന്റെ നാഥന്‍. അതിതിനാല്‍ അവിടെ എത്തുന്ന ഉന്നത ഭരണാധികാരികളുമായും ഉദ്യോഗസ്ഥരുമായും കാണാനും സംസാരിക്കാനും അവസരമുണ്ടായത് ഭാഗ്യമായി ഇദ്ദേഹം കരുതുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ദുബൈ പൊലീസ് മുന്‍ കമാന്റര്‍-ഇന്‍ ചീഫും നിലവില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ലെഫ്.ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ശൈഖ് മുഹമ്മദിന്റെ ഉപദേഷ്ടാവും ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ ഇബ്രാഹിം ബൂമില്‍ഹ തുടങ്ങിയ നിരവധി പ്രമുഖര്‍ ആ വീട്ടിലെത്തിയപ്പോള്‍ കണ്ടിട്ടുണ്ട്.
പ്രവാസം അവസാനിപ്പിച്ച് 20 വര്‍ഷം മുന്‍പു തന്നെ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇതു വരെ കഴിഞ്ഞില്ല. ഇപ്പോള്‍ 41 വര്‍ഷം പിന്നിട്ടു. 62 വയസ്സായി. ഇനി നാട്ടില്‍ കാലയാപനം കഴിക്കണമെന്നാണ് ആഗ്രഹം.
സമൂഹത്തോട് വലിയ പ്രതിപത്തി കാട്ടിയ കുടുംബമാണ് അല്‍മത്‌റൂഷിയുടേതെന്ന് പറഞ്ഞ കുഞ്ഞിമോന്‍ക്ക, എല്ലാ റമദാനിലും ഈ വീടിന്റെ പരിസരത്ത് ഇഫ്താര്‍ ഭക്ഷണം സാധാരണക്കാര്‍ക്ക് വിളമ്പി നല്‍കാറുണ്ടെന്നും പറഞ്ഞു. വര്‍ഷങ്ങളായി തുടരുന്ന ഈ സല്‍പ്രവൃത്തിയുടെ ഭാഗമാവാന്‍ തനിക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ കോവിഡ് കാലത്ത് മാത്രം അതിന് സാധിച്ചില്ലല്ലോ എന്ന ദു:ഖം ബാക്കി നില്‍ക്കുന്നുവെന്നും അദ്ദേഹം സങ്കടപ്പെട്ടു.
തനിക്ക് എല്ലാം തന്നത് ഇമാറാത്താണ്. ഈ അറബ് കുടുംബമാണ്. അതുകൊണ്ട്, ഈ രണ്ടു കാര്യങ്ങളോടും തനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് കുഞ്ഞിമോന്‍ക്ക ആണയിടുന്നു. 25 വര്‍ഷം മുന്‍പ് തന്നെ ഹജ്ജിനും ഉംറക്കും അയച്ചു ഇവര്‍. പിന്നീട് ഭാര്യയോടൊപ്പം ഉംറ നിര്‍വഹിച്ചു. ഈ കുടുംബത്തിന്റെ പൂര്‍ണ സ്‌നേഹ താല്‍പര്യത്തിലായിരുന്നു അത്.
കെഎംസിസിയാണ് തന്റെ മുഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും തട്ടകമെന്ന് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ഉപാധ്യക്ഷനും എരമംഗലം ജിസിസി കൂട്ടായ്മ ചെയര്‍മാനുമായ കുഞ്ഞിമോന്‍ക്ക പറയുന്നു. ദുബൈ-പൊന്നാനി മണ്ഡലം കെഎംസിസി ട്രഷറര്‍, വര്‍ക്കിംഗ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റായത്. യുഎഇ-വെളിയങ്കോട് പഞ്ചായത്ത് കെഎംസിസി നിര്‍വാഹക സമിതിയംഗമായ കുഞ്ഞിമോന്‍, ദീര്‍ഘകാലം എരമംഗലം (നോര്‍തേണ്‍ എമിറേറ്റ്‌സ്) പ്രസിഡന്റായിരുന്നു. മഹല്ല് റിലീഫ് കമ്മിറ്റിയില്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ്. കെഎംസിസി മുഖേന നിരവധി പേര്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഈ നാലു പതിറ്റാണ്ടു കാലവും കെഎംസിസിക്കുമൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. സി.പി ബാവ ഹാജി, പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, യഹ്‌യ തളങ്കര, അന്‍വര്‍ നഹ തുടങ്ങിയ നേതാക്കളുമായി വളരെ അടുത്ത് ഇടപഴകാന്‍ കഴിഞ്ഞു. ബൈത്തുറഹ്മ, സിഎച്ച് സെന്റര്‍ അടക്കമുള്ള കാരുണ്യ സംരംഭങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞതും മഹത്തായ കാര്യമായി കരുതുന്നു. നാട്ടിലും ഇത്തരം പ്രവര്‍ത്തനങ്ങളുമായി തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് സര്‍വശക്തന്‍ തുണക്കട്ടെയെന്നും കുഞ്ഞിമോന്‍ക്ക പ്രത്യാശിച്ചു.
എരമംഗലം മൂക്കത്തേല്‍ കുഞ്ഞിമൊയ്തു ഹാജിയുടെയും ആന്തൂര്‍ ഉമ്മുട്ടിയുടെയും മകനാണ് കുഞ്ഞിമോന്‍. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: ഷബിത, ഷമിന, സജിത, റംസീന. മകള്‍ ഷബിത സകുടുംബം ദുബൈയിലുണ്ട്. മരുമകന്‍ ജലീല്‍ സബ്‌വേ ഔട്‌ലെറ്റില്‍ സൂപര്‍വൈസറാണ്. സഹോദരന്‍ കുഞ്ഞഹമ്മദ് കുറെ കാലം ദുബൈയിലുണ്ടായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്.