
കൊച്ചി: നയതന്ത്ര പരിരക്ഷയുള്ള ബാഗേജില്‍ വിദേശത്ത് നിന്ന് വന്‍തോതില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്നും കസ്റ്റഡിയിലെടുത്ത സൗമ്യയെ കൊച്ചി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെക്കുറിച്ച് സൗമ്യയില്‍ നിന്ന് കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. സന്ദീപ് നായര്‍ സരിത്തിനൊപ്പം മുമ്പും സ്വര്‍ണം കടത്തിയെന്ന് സൗമ്യ കസ്റ്റംസിന് മൊഴി നല്‍കി. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നു. എന്നാല്‍ ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സൗമ്യ പറഞ്ഞു. സന്ദീപും സ്വപ്‌നയും ഒളിവിലാണ്. ഇവര്‍ക്കായുള്ള കസ്റ്റംസ് സംഘത്തിന്റെ തെരച്ചില്‍ തുടരുകയാണ്.
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം വിട്ടിട്ടില്ലെന്നാണ് നിഗമനം. ഇവര്‍ പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ശക്തമായ പരിശോധന നടത്തുന്നുണ്ടെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. സ്വപ്‌നക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കും. സരിത്തിന്റെയും സ്വപ്‌നയുടെയും അടുത്ത സുഹൃത്താണ് സന്ദീപ്. സ്വര്‍ണക്കടത്തില്‍ സന്ദീപിനും പങ്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചന. സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത സ്വപ്‌നയുടെ തോളില്‍ തട്ടി സ്പീക്കര്‍ സംസാരിക്കുന്നത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. അതിനിടെ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ സ്വപ്‌നയുമായി ബന്ധമുള്ളവര്‍ സമീപിച്ചതായി സൂചനയുണ്ട്. മുന്‍കൂര്‍ജാമ്യം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവര്‍ അഭിഭാഷകരെ ബന്ധപ്പെട്ടത്. എന്നാല്‍ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം.