കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി വിട്ടുകൊടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ തെളിവെടുപ്പിനായി വിട്ടത്.
കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിന്റെ ഏഴു ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സരിത്തിന്റെ ഫോണിന്റെ കോള്‍ വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നു കസ്റ്റംസ് ബോധിപ്പിച്ചു. ഒളിവില്‍ പോയിരിക്കുന്ന പ്രതികളെ സംബന്ധിച്ചു ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് വ്യക്തമാക്കി. സരിത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചത് സംബന്ധിച്ച് ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. കസ്റ്റംസ് സൂപ്രണ്ടാണ് സരിത്തിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയ സാമ്പത്തിക വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണ കടത്ത് നടത്തിയത്. കോവിഡ് പരിശോധ നടത്തി ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ്‌സരിത്തിനെ കോടതിയില്‍ ഹാജരാക്കിയത്.