കെഎംസിസി നേതാക്കള്‍ക്കെതിരെ കേസ്: ഷാര്‍ജ കെഎംസിസി പ്രതിഷേധിച്ചു

145

ഷാര്‍ജ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോവിഡ് കാലത്ത് പ്രവാസികളോട് കാട്ടുന്ന അവഗണനയിലും മനുഷ്യത്വ രഹിതമായ നിലപാടുകളിലും പ്രതിഷേധിച്ച് കോഴിക്കോട് കളക്ടറേറ്റിലേക്ക് ധര്‍ണ നടത്തിയ കെഎംസിസി നേതാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. ന്യായമായ ആവശ്യങ്ങളുന്നയിച്ച കെഎംസിസി നേതാക്കളെ കേസില്‍ കുടുക്കി ഒതുക്കിക്കളയാമെന്നത് സംസ്ഥാന സര്‍ക്കാന്റെ വ്യാമോഹം മാത്രമാണെന്നും ഷാര്‍ജ കെഎംസിസി അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് ചേര്‍ന്ന ഷാര്‍ജ കെഎംസിസി ഭാരവാഹികളുടെ യോഗം കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര അധ്യക്ഷത വഹിച്ചു. രാജ്യത്തിനും സമൂഹത്തിനും നന്മകള്‍ മാത്രം സമ്മാനിച്ച, സകല പ്രതിസന്ധിയിലും രാജ്യത്തിന് തുണയായി വര്‍ത്തിച്ച പ്രവാസികള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റപ്പെടുത്തല്‍ നേരിടുമ്പോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവലംബിക്കുന്ന നിസ്സംഗ ഭാവം വെടിയണമെന്നും, പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുക, പുനരധിവാസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് ധര്‍ണ നടത്തിയ കെഎംസിസി കോഴിക്കോട് ജില്ലാ ജിസിസി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ടി. ഹാഷിം, ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി കെ.പി മുഹമ്മദ്, ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് വൈകിലശ്ശേരി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം പോലും അനുവദിക്കാതെയുള്ള ഫാസിസ്റ്റ് ഭരണ രീതിയില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്നും, കെഎംസിസി നേതാക്കള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ എത്രയും വേഗം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് സ്വാഗതം പറഞ്ഞു. സൈദ് മുഹമ്മദ് അല്‍ തഖ്‌വ, അബ്ദുല്ല ചേലേരി, കെ.ടി.കെ മൂസ, ത്വയ്യിബ് ചേറ്റുവ, ബഷീര്‍ ഇരിക്കൂര്‍, കെ.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, മുജീബ് തൃക്കണാപുരം,
നൗഷാദ് കാപ്പാട്, അബ്ദുല്‍ വഹാബ് സംസാരിച്ചു.