ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം വിതരണം ചെയ്ത് സിജു പന്തളം

സിജു പന്തളം ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണ വിതരണത്തില്‍

ദുബൈ: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യ പിതാവ് മാര്‍ ഈവാനിയോസിന്റെ 67ാമത് ശ്രാദ്ധ പെരുന്നാളില്‍ ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നേര്‍ച്ച വിതരണം ചെയ്ത് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിജു പന്തളം.
സമൂഹത്തിലെ അശരണര്‍ക്ക് ആശ്വാസമായി 1930കളില്‍ എല്ലാ സൗഭാഗ്യങ്ങളും ത്യജിച്ച് ഒരു സന്യാസ വര്യനായി ജീവിച്ച് വ്യക്തിമുദ്ര പതിപ്പിച്ച മാര്‍ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ ഓര്‍മപ്പെരുന്നാള്‍ മലങ്കര സുറിയാനി കത്തോലിക്ക സഭ ആചരിച്ച ദിവസങ്ങളിലാണ് പ്രസ്തുത സഭാംഗമായ സിജു പന്തളം മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും യുഎഇയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ 250ല്‍ പരം ബിരിയാണി പൊതികള്‍ തന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ചെറിയ നീക്കിയിരിപ്പുകളില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സഹോദരങ്ങള്‍ക്ക് എത്തിച്ചു കൊടുത്ത് മാതൃകയായത്. വര്‍ഷങ്ങളായി അദ്ദേഹം ഈ പുണ്യ പ്രവൃത്തി ചെയ്തു വരുന്നു.
കോവിഡ് 19 കാരണം ദേവായലത്തിലെത്തി ആരാധനാ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന സഹോദരങ്ങള്‍ക്ക്
ഈവാനിയോസ് തിരുമേനിയുടെ നാമത്തില്‍ ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ സാധിച്ചത് ആ മഹാത്മാവിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് സിജു പന്തളം പറഞ്ഞു. മാവേലിക്കര രൂപതയില്‍ കുടശ്ശനാട് സെന്റ് തോമസ് ദൈവാലയ ഇടവകാംഗമായ സിജു ദുബൈ മലങ്കര കത്തോലിക്ക കൂട്ടായ്മയുടെ ഭാഗമാണ്.