ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ വിസക്കാര്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളില്‍ മടങ്ങാം

  65

  വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 പുതിയ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും

  ജലീല്‍ പട്ടാമ്പി
  ദുബൈ: യുഎഇയിലേക്ക് വരാനാവാതെ മാസങ്ങളായി ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ജൂലൈ 12 മുതല്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളില്‍ പോകാമെന്ന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, 15 ദിവസത്തേക്ക് മാത്രമായിരിക്കും ഇതിനായുള്ള സമയം.
  ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ തമ്മില്‍ ഇതുസംബന്ധിച്ച് കരാര്‍ ഒപ്പു വെച്ചതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ദീര്‍ഘ നാളത്തെ കാത്തിരിപ്പിനാണ് അറുതിയാകുന്നത്. കോവിഡ് 19 വ്യാപനം തടയാനായി യുഎഇയും ഇന്ത്യയും തങ്ങളുടെ വ്യോമ മേഖലകള്‍ അടച്ച മാര്‍ച്ച് മുതല്‍ പലരും ഇപ്പോള്‍ കുടുങ്ങിക്കിടക്കുകയാണ്.
  യുഎഇ വിമാന കമ്പനികള്‍ നടത്തുന്ന ചാര്‍ട്ടേഡ് സര്‍വീസുകളില്‍ യാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഐസിഎ(ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഡിപ് അഥോറിറ്റി)യുടെയോ, അല്ലെങ്കില്‍ ജിഡിആര്‍എഫ്എഡി(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫേയഴ്‌സ് ദുബൈ)യുടെയോ അനുമതി വേണം. ഇന്ത്യക്കാരെ യുഎഇയിലേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി. യുഎഇ വിമാന കമ്പനികള്‍ നടത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഈ ആഴ്ച തുടക്കം മുതല്‍ അനുമതി നല്‍കുന്നത് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
  ഐസിഎ, അല്ലെങ്കില്‍ ജിഡിആര്‍എഫ്എഡി അംഗീകാരമുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഔട്ബൗണ്ട് യാത്രയില്‍ തിരികെ വരാനാകൂവെന്ന് എയര്‍ ഇന്ത്യ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. ജൂലൈ 12 മുതല്‍ ജൂലൈ 26 വരെ 15 ദിവസത്തേക്ക് ഈ ക്രമീകരണം പ്രാബല്യത്തിലുണ്ടാകുമെന്നും ട്വീറ്റില്‍ വ്യക്തമാക്കി. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ തിരികെ പറക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.
  നിലവിലെ പ്രവര്‍ത്തന കാലയളവിനു ശേഷം ഈ ക്രമീകരണം ആവശ്യാനുസരണം അവലോകനം ചെയ്യുമെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.
  യുഎഇയിലേക്ക് മടങ്ങിയെത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്രാ കരാറിലെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇത് ഇരു രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.
  മെയ് മാസത്തില്‍ വന്ദേ ഭാരത് മിഷന്‍ ആരംഭിച്ച ശേഷം, ശൂന്യമായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനങ്ങളാണ് യുഎഇയിലേക്ക് പറന്നു കൊണ്ടിരിക്കുന്നത്. യുഎഇയില്‍ നിന്ന് മാത്രം 125,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. നാലാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് 104 പുതിയ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും.
  ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മരവിപ്പിച്ചതിനാല്‍ യുഎഇ താമസ വിസയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ സാധിക്കാത്ത സ്ഥിതിക്കാണ് ഇപ്പോള്‍ പരിഹാരമുണ്ടായിരിക്കുന്നത്. യുഎഇ വിസയുള്ള നിരവധി കുടുംബങ്ങളും ജോലിയിലുണ്ടായിരുന്നവരും യുഎഇയിലേക്ക് മടങ്ങി വരാന്‍ സൗകര്യമൊരുക്കണമെന്ന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.
  അതിനിടെ, പലരും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഇതിനകം എത്തിക്കഴിഞ്ഞിട്ടുണ്ട്. 11,000 ദിര്‍ഹം വരെ നല്‍കിയായിരുന്നു പലരും യുഎഇയിലേക്ക് ചാര്‍ട്ടേഡ് ബിസിനസ് ജെറ്റുകള്‍ ഏര്‍പ്പെടുത്തിയതെന്നാണ് ലഭിച്ച വിവരം. എന്നാല്‍, സാധാരണക്കാര്‍ക്ക് വന്‍ തുക ടിക്കറ്റിന് നല്‍കി അതിന് സാധിച്ചില്ല. അതിനാണ് ഇപ്പോള്‍ സൗകര്യമൊരുക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.