നാട്ടിലെ മിടുക്കര്‍ക്ക് നടുവണ്ണൂരകത്തിന്റെ പഠന സഹായം

കോഴിക്കോട്/ദുബൈ: കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ മിടുക്കരായ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി ‘നടുവണ്ണൂരകം’ പ്രവാസി കൂട്ടായ്മ ആറു ടെലിവിഷന്‍ സെറ്റുകള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. യുഎഇയിലെ നടുവണ്ണൂര്‍ക്കാരായ പ്രവാസികളുടെ സാമൂഹിക-സാംസ്‌കാരിക വേദിയാണ് നടുവണ്ണൂരകം. നാട്ടിലും പ്രവാസ ദേശത്തും ബഹുമുഖമായ ക്ഷേമ-കര്‍മ പദ്ധതികളും സംരംഭങ്ങളും രൂപപ്പെടുത്തുന്ന ഇവരുടെ വിദ്യാഭ്യാസ രംഗത്തെ ഊന്നല്‍ വ്യക്തമാക്കുന്ന സുസ്ഥിര മാതൃകകളുടെ ഭാഗമായാണ് ഈ പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട, വൈസ് പ്രസിഡന്റ് പി.അച്യുതന്‍ മാസ്റ്റര്‍, സെക്രട്ടറി ഷിജു എല്‍.എന്‍ എന്നിവര്‍ ചേര്‍ന്ന് നടുവണ്ണൂരകം ഭാരവാഹികളായ വിജയന്‍ നെല്ലിപ്പുനത്തില്‍, കെ.പി ഹഫ്‌സല്‍, നിജീഷ് വിനോയ്.കെ, ഹംസ കെ.എം എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി. മുഖ്യ രക്ഷാധികാരി കെ.കെ മൊയ്തീന്‍ കോയ സന്ദേശം നല്‍കി.
നിരവധി ദശകങ്ങളായി പ്രവാസത്തിലൂടെ നടുവണ്ണൂരിന്റെ പൊതുവികാസത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന ഗള്‍ഫ് പ്രവാസികളുടെ സ്‌നേഹ പ്രതീകമാണ് നടുവണ്ണൂരകത്തിന്റെ ഈ സംഭാവനയെന്നും നേരത്തെ കമ്യൂണിറ്റി കിച്ചന്റെ കാര്യത്തിലും അവരുടെ സാമൂഹിക പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയെന്നും യശോദ തെങ്ങിട പറഞ്ഞു. പഞ്ചായത്ത് ഹാളില്‍ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് ഒരുക്കിയ ചടങ്ങില്‍ അച്യുതന്‍ മാസ്റ്റര്‍, ഷിജു എല്‍.എന്‍, വിജയന്‍ നെല്ലിപ്പുനത്തില്‍ സംസാരിച്ചു.