നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് സ്വപ്നയും സന്ദീപും പിടിയില്‍

  പിടിയിലായത് ബംഗളൂരുവില്‍ നിന്ന്.
  ഒളിവില്‍ കഴിഞ്ഞത് കുടുംബസമേതം.
  ഇന്ന് രാവിലെ കേരളത്തിലെത്തിക്കും

  ബംഗളൂരു/തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ കസ്റ്റഡിയില്‍. ബംഗളൂരുവില്‍നിന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെ ഇരുവരേയും കൊച്ചിയില്‍ എത്തിച്ചേക്കും.
  രാജ്യോദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ മുഖ്യ പ്രതികളായ ഇരുവരും സംഭവം പുറത്തുവന്ന ശേഷവും രണ്ടോ മൂന്നോ ദിവസം കൊച്ചിയില്‍ തങ്ങിയതായാണ് വിവരം. ഇതിനു ശേഷമാണ് ഒരുമിച്ച് ഒളിവില്‍ പോയത്. സ്വര്‍ണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനു പിന്നാലെയാണ് പ്രതികള്‍ക്കായി എന്‍.ഐ.എ രാജ്യം മുഴുവന്‍ വല വിരിച്ചത്. കുടുംബ സമേതമാണ് സ്വപ്ന ബംഗളൂരുവിലേക്ക് കടന്നതെന്ന് അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു. സ്വപ്നയുടെ മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ സ്വപ്നയുടെ മകളുടേയും ഭര്‍ത്താവിന്റേയും ഫോണ്‍മ്പര്‍ ട്രാക്ക് ചെയ്താണ് ഇവര്‍ ബംഗളൂരുവിലുണ്ടെന്ന് എന്‍.ഐ.എ സംഘം ഉറപ്പിച്ചത്. കേരളത്തില്‍നിന്ന് നേരെ ബംഗളൂരുവിലേക്കാണ് സംഘം കടന്നതെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലായി അന്വേഷണ സംഘത്തിന്റെ കണ്ണു വെട്ടിച്ച് കറങ്ങി നടന്ന സംഘം ഇവിടെയുള്ള ഒരു ബന്ധുവിന്റെ ഫ്‌ളാറ്റിലാണ് ഇതുവരെ തങ്ങിയിരുന്നതെന്നണ് വിവരം. രണ്ടുവഴിക്കായി പിരിഞ്ഞ് കേരളത്തിലെത്തി പൊലീസ് മുമ്പാകെ കീഴടങ്ങാന്‍ പദ്ധതിയിടുന്നതിനിടെയാണ് പ്രതികള്‍ എന്‍.ഐ.എയുടെ പിടിയിലായതെന്നാണ് വിവരം. സന്ദീപ് സേലം- പൊള്ളാച്ചി – അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്ന ഗൂഡല്ലൂര്‍ – പെരിന്തല്‍മണ്ണ വഴി കേരളത്തില്‍ എത്താനുമാണ് പദ്ധതിയിട്ടിരുന്നത്.
  ഇന്നലെ രാവിലെ മുതല്‍ തന്നെ സ്വപ്നയും സന്ദീപും എന്‍.ഐ.എയുടെ നിരീക്ഷണ വലയത്തില്‍ ആയിരുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് ബംഗളൂരു പൊലീസിന്റേയും കസ്റ്റംസ് മധുര യൂണിറ്റിന്റേയും സഹായത്തോടെയാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. വെവ്വേറെ അറസ്റ്റു രേഖപ്പെടുത്തിയ എന്‍.ഐ.എ സംഘം പ്രതികളുമായി കേരളത്തിലേക്ക് തിരിച്ചതായും ഇന്ന് കാലത്ത് കേരളത്തില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
  പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി കഴിഞ്ഞ ദിവസം നീട്ടിവെച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം വഴി പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം ഏറ്റെടുത്തതിന്റെ ആദ്യ ദിവസം തന്നെ എന്‍.ഐ.എ കേസിസില്‍ യു.എ.പി.എ ചുമത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനേയും ഐ.ടി വകുപ്പിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഇരുവരുടേയും അറസ്റ്റ് വഴി ഉണ്ടായിരിക്കുന്നത്. ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയത്, ആരാണ് സ്വര്‍ണം അയച്ചത്, ദേശദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന ഗുരുതര കുറ്റകൃത്യത്തിന് ആരില്‍ നിന്നെല്ലാം സഹായം ലഭിച്ചു, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഇതില്‍ ദുരുപയോഗം ചെയ്യപ്പെട്ടു, ഉദ്യോഗസ്ഥ ഒത്താശ എത്രത്തോളം തുടങ്ങി നിരവധി വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുുവരാനുള്ളത്. ഗുരുതര ആരോപണങ്ങളുയര്‍ന്ന കേസില്‍ ആദ്യ മൂന്നു ദിവസം പ്രതികള്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടും #ോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്യാതിരുന്ന സംസ്ഥാന പൊലീസും ഇതോടെ പ്രതിക്കൂട്ടിലാവും. അന്വേഷണവും നടപടികളും വൈകിപ്പിക്കാന്‍ ചരടു വലിച്ചത് ആരെന്ന ചോദ്യത്തിനും ഇതോടെ ഉത്തരം ലഭിക്കേണ്ടതുണ്ട്.


  മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയപ്പോള്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഐ.ടി വകുപ്പിലെ നിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ശിവശങ്കറിനെ ഔദ്യോഗിക പദവികളില്‍നിന്ന് നീക്കിയത്.

  പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ പിടികൂടുന്നതിന് കേരള പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് രൂപം നല്‍കി. പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. കസ്റ്റംസ്, എന്‍. ഐ.എ എന്നിവയുമായുള്ള ഏകോപനവും സംഘം നിര്‍വ്വഹിക്കും.സംസ്ഥാനത്തെവിടെയും ഏതുരീതിയിലുമുള്ള അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കേസില്‍ ആരോപണവിധേയരായവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കസ്റ്റംസ് അധികൃതരില്‍ നിന്ന് ഇ-മെയിലായി അപേക്ഷ ലഭിച്ചത്. സംഭവത്തില്‍ ആദ്യദിവസങ്ങളില്‍ ഇടപെടാന്‍ മടിച്ച കേരള പൊലീസ് നിലപാടിന് എതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്.