സ്വപ്നയും സന്ദീപും റിമാന്‍ഡില്‍

    സന്ദീപും സ്വപ്നയും കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത്‌

    കൊച്ചിയിലെത്തിച്ചത് ഉച്ചയോടെ.
    റിമാന്റ് ചെയ്തത് കലൂര്‍ എന്‍.ഐ.എ കോടതി.
    കോവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
    കോടതിയില്‍ ഹാജരാക്കിയത് കോവിഡ് പരിശോധനക്കായി.
    സാമ്പിള്‍ ശേഖരിച്ച ശേഷം കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും.
    ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

    തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ അറസ്റ്റ് ചെയ്ത രണ്ടാം പ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ കൊച്ചി എന്‍ഐഎ കോടതി മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബംഗളൂരുവില്‍നിന്ന് റോഡുമാര്‍ഗം കൊച്ചിയിലെത്തിച്ച് കോവിഡ് പരിശോധനക്കു ശേഷമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായ സ്വപ്നയെ തൃശൂര്‍ ഫാത്തിമ നഗര്‍ അമ്പിളിക്കലയിലെയും സന്ദീപ് നായരെ കറുകുറ്റിയിലെയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍ഐഎ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. ഇരുവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. രാവിലെ ആലുവ താലൂക്ക് ആസ്പത്രിയിലെത്തിച്ചാണ് ഇരുവരുടെയും സാമ്പിള്‍ ശേഖരിച്ചത്.
    ഇന്നലെ വൈകിട്ടോടെ തന്നെ കോവിഡ് പരിശോധന ഫലം ലഭ്യമാക്കി തുടര്‍നടപടികളിലേക്ക് നീങ്ങാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആലോചന. എന്നാല്‍ കാലതാമസം നേരിട്ടതോടെ ഇവരെ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഞായര്‍ പുലര്‍ച്ചെ ബെംളൂരുവില്‍ നിന്നും പ്രതികളുമായി പുറപ്പെട്ട എന്‍ഐഎ സംഘം രാവിലെ 11.15 ഓടെയാണ് വളയാര്‍ അതിര്‍ത്തി കടന്നത്. രണ്ടു വാഹനങ്ങളിലായാണ് പ്രതികളെ കൊണ്ടുവന്നത്. എന്നാല്‍ വളയാര്‍ പിന്നിട്ട് ആലത്തൂര്‍ കടന്നതിനു ശേഷം സ്വപ്നയുമായി വന്ന വാഹനം പഞ്ചറായി. ഇതേ തുടര്‍ന്ന് സ്വപ്നയെ സന്ദീപ് നായരുമായി വന്ന വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. നൂറു മീറ്ററോളം വാഹനം നീങ്ങിയെങ്കിലും വീണ്ടും ദേശീയപാതയില്‍ നിര്‍ത്തി. തുടര്‍ന്ന് ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം യാത്ര തുടര്‍ന്നു.
    പ്രതികളുമായെത്തിയ സംഘത്തിന് പൊലീസ് എസ്‌കോര്‍ട്ട് ഒരുക്കിയിരുന്നു. വഴിയിലുടനീളം യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി എത്തി. പാലിയേക്കര ടോള്‍ പ്ലാസയിലെത്തിയപ്പോഴും പ്രതിഷേധം കനത്തു. പലയിടത്തും പ്രതിഷേധക്കാര്‍, പ്രതികളുമായി വന്ന വാഹനത്തിനടുത്തേക്ക് കരിങ്കൊടിയുമായി അടുക്കാന്‍ ശ്രമിച്ചു. മുഖം മറച്ചാണ് ഇരു പ്രതികളും വാഹനത്തിലിരുന്നത്. ഉച്ചക്ക് ഒരുമണിയോടെ ഇവരെ ആലുവ ജില്ലാ ആസ്പത്രിയിലെത്തിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധനക്കായുള്ള സാമ്പിള്‍ ശേഖരിച്ചു. പിസിആര്‍ ടെസ്റ്റാണ് ഇരുവര്‍ക്കും നടത്തിയത്. ഒരുമണിക്കൂര്‍ നീണ്ട പരിശോധന നടപടികള്‍ക്ക് ശേഷം രണ്ട് മണിയോടെ പ്രതികളുമായി അന്വേഷണസംഘം കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് തിരിച്ചു.

    കോടതിയില്‍ എത്തിച്ചത് വൈകീട്ട് നാലരയോടെ

    കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയേയും സന്ദീപിനേയും വൈകീട്ട് നാലര മണിയോടെയാണ് കലൂരിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കുമ്പോഴും കറുത്ത തുണി കൊണ്ട് മുഖം മറച്ചു തന്നെയായിരുന്നു സ്വപ്ന. ജഡ്ജി പി.കൃഷണകുമാറാണ് ഇരുവരെയും മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോടതി നടപടിക്രമങ്ങള്‍ക്കിടെ ഇരുവരും രക്തസമ്മര്‍ദത്തിനും മാനസിക സമ്മര്‍ദം കുറയ്ക്കാനുമുള്ള മരുന്ന് ആവശ്യപ്പെട്ടു. ഇത് എത്തിക്കേണ്ടതിനാല്‍ ഇവര്‍ കോടതിയില്‍ നിന്നും പുറത്തിറങ്ങുന്നത് വൈകി. വൈകിട്ട് ആറു മണിയോടെ സ്വപ്നയെ തൃശൂരിലെ അമ്പിളിക്കവലയിലുള്ള പ്രത്യേക കോവിഡ് സെന്ററിലേക്കും സന്ദീപിനെ കറുകുറ്റിയിലേക്കുള്ള കോവിഡ് സെന്ററിലേക്കും മാറ്റി. ഇന്ന് പരിശോധന ഫലം ലഭിക്കുന്നതോടെ എന്‍ഐഎ തുടര്‍ നടപടികളിലേക്ക് കടക്കും. വിശദമായ ചോദ്യം ചെയ്യലിലൂടെ കേസിലെ ഉന്നത വ്യക്തികളുടെ വിവരങ്ങള്‍ പുറത്താവുമെന്നാണ് എന്‍ഐഎ പ്രതീക്ഷ.