സ്വപ്ന സുരേഷിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ്

    അഷ്‌റഫ് തൈവളപ്പ്
    കൊച്ചി: നയതന്ത്ര പരിരക്ഷയുള്ള ബാഗേജില്‍ വിദേശത്ത് നിന്ന് വന്‍തോതില്‍ സ്വര്‍ണം കടത്തിയ കേസില്‍ സംസ്ഥാന ഐടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന സുരേഷിന് പ്രധാന പങ്കെന്ന് കസ്റ്റംസ്. വിദേശത്ത് നിന്ന് സ്വര്‍ണം കടത്താന്‍ സ്വപ്നക്ക് ആരാണ് സഹായം ചെയ്തതെന്ന് കണ്ടെത്തണം. മുഖ്യമന്ത്രിയുടെ ഓഫീസ്, തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോണ്‍സുലേറ്റ്, എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരും ഇവര്‍ക്ക് സഹായം നല്‍കിയതായി സൂചനയുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്‌സിക്യൂട്ടിവ് സെക്രട്ടറി കൂടിയായ ഇവരുടെ വിദേശ യാത്രകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും വിശദ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് വ്യക്തമാക്കി. 30 കിലോ സ്വര്‍ണം പിടികൂടിയതിനെ തുടര്‍ന്ന് സ്വപ്ന സുരേഷ് ഒളിവിലാണ്. കേസില്‍ പിടിയിലായ പി.എസ് സരിത്താണ് സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വെളിപ്പെടുത്തിയത്. സ്വര്‍ണ കടത്ത് പിടികൂടിയതോടെ സരിത്ത് തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് പ്രധാന തെളിവുകള്‍ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന സ്വര്‍ണമടങ്ങിയ ബാഗേജ് ഒപ്പിട്ട് വാങ്ങിയത് സരിത്താണ്. യുഎഇ കോണ്‍സുലേറ്റിലെ പിആര്‍ഒ എന്ന പേരിലായിരുന്നു ഇത്. വിദേശത്ത് നിന്ന് സ്വര്‍ണം ആരാണ് അയച്ചത്, ആര്‍ക്ക്‌വേണ്ടി, കൂട്ടാളികള്‍ ആരൊക്കെയെന്നുള്ള ചോദ്യങ്ങള്‍ക്ക് സരിത്ത് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. യുഎഇയില്‍ പലചരക്ക് കട നടത്തുന്ന ഒരാള്‍ വഴിയാണ് ബാഗേജ് അയച്ചത്. കോണ്‍സുലേറ്റിലേക്കുള്ള ഭക്ഷ്യ സാധനങ്ങളാണ് ഇതില്‍ നിറച്ചതെന്നാണ് കാണിച്ചിട്ടുള്ളത്. ഈന്തപ്പഴം, പാല്‍പ്പൊടി, മാഗി കറി പായ്ക്കറ്റ്, ബട്ടര്‍ കുക്കീസ്, നൂഡില്‍സ് എന്നിങ്ങനെ ഏഴിനങ്ങളാണ് കോണ്‍സുലേറ്റ് ഓര്‍ഡര്‍ നല്‍കിയിരുന്നത്.
    എന്നാല്‍ ബാഗേജില്‍ 14.82 കോടി രൂപയുടെ 30244.900 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നത്. സ്വര്‍ണം അയച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണത്തില്‍ തനിക്കോ യുഎഇ സര്‍ക്കാരിനോ ഒരുവിധത്തിലുമുള്ള അവകാശവാദമില്ലെന്നും ഇന്ത്യ സര്‍ക്കാരിന് നിയമ നടപടിയെടുക്കാമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. കാര്‍ഗോ ചാര്‍ജ് കോണ്‍സുലേറ്റാണ് അടച്ചത്. എന്നാല്‍ ബാഗേജിന്റെ പണം നല്‍കിയത് സരിത്താണ്. നയതന്ത്ര ബാഗേജ് കൊണ്ടുപോകേണ്ടത് കോണ്‍സുലേറ്റിന്റെ വാഹനത്തിലാണ്. എന്നാല്‍ സരിത്തിന്റെ സ്വന്തം വാഹനത്തിലാണ് സ്വര്‍ണമടങ്ങിയ ബാഗ് കൊണ്ടുപോയത്. സ്വര്‍ണം കടത്ത് കേസ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയംകൂടിയായതിനാല്‍ പിഴവില്ലാത്ത അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. റിമാന്‍ഡ് ചെയ്ത സരിത്തിനെ അന്വേഷണത്തിനായി വിട്ടുകിട്ടാന്‍ കസ്റ്റംസ് അപേക്ഷ നല്‍കി.
    ——————–